യൂത്ത് കോൺഗ്രസിന്റെ വാഴപ്പിണ്ടി പ്രതിഷേധത്തെ പരിഹസിച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് …

തൃശൂരില്‍ കേരള സാഹിത്യ അക്കാദമിയിൽ വാഴപ്പിണ്ടി വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് അക്കാദമി പ്രസിഡൻറ് വൈശാഖൻ. യൂത്ത് കോണ്‍ഗ്രസിന്‍റേത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്ന് വൈശാഖൻ കുറ്റപ്പെടുത്തി. അതേ സമയം മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തേക്ക് വാഴപ്പിണ്ടി കൊറിയര്‍ ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

കാസർകോട് ഇരട്ട കൊലപാതകത്തിൽ സാംസ്‌കാരിക നായകർ മൗനം പാലിക്കുന്നു എന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാദമിയിൽ വാഴപ്പിണ്ടി വെച്ചത്. എന്നാല്‍ സാംസ്കാരിക പ്രവർത്തകര്‍ പ്രതികരിച്ചില്ലെന്നാരാണ് പറഞ്ഞതെന്ന് അക്കാദമി പ്രസിഡൻറ് വൈശാഖൻ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് നടപടിയ്ക്കെതിരെ പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകരും പ്രതിഷേധിച്ചു. അക്കാദമിക്കു മുന്നില്‍ വാഴപ്പിണ്ടി വെച്ച യൂത്ത് കോൺഗ്രസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ നിശിതമായി വിമർശിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയ്ക്ക് വാഴപ്പിണ്ടി അയക്കാൻ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യം എത്തിയത് നഗരസഭയക്ക് സമീപമുളള പോസ്റ്റ് ഓഫീസിലാണ്. എന്നാല്‍ 150 ഗ്രാമില്‍ കൂടുതലുളള പാക്കറ്റ് അയക്കാനാകില്ലെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി സമീപത്തുളള കൊറിയര്‍ ഓഫീസിലേക്ക് നീങ്ങി.

എന്നാല്‍ മുഖ്യമന്ത്രിക്കുളള വാഴപ്പിണ്ടി കൊറിയര്‍ സ്വീകരിക്കരുതെന്ന് പൊലീസിന്‍റഎ നിർദേശമുണ്ടെന്നായിരുന്നു വിവിധ കൊറിയര്‍ കമ്പനികളുടെ മറുപടി. എന്നാല്‍ ഇതുകൊണ്ട് നിരാശരാകില്ലെന്നും ട്രെയിൻ മാര്‍ഗം വാഴപ്പിണ്ടി മുഖ്യമന്ത്രിക്ക് എത്തിക്കുമെന്നും യൂത്ത് കോണ്‍ഗ്ര്സ പ്രവര്‍ത്തകര്‍ അറിയിച്ചു.

error: Content is protected !!