ഏഷ്യൻ ഫുട്ബാളിന്റെ അമരത്ത് ഇനി ഖത്തർ, ജപ്പാനെ പൂട്ടിയത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് .

ഏഷ്യൻ ഫുട്ബോള്‍ കിരീടം സ്വന്തമാക്കി  ഖത്തർ. കരുത്തരായ ജപ്പാനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് ഖത്തർ തങ്ങളുടെ കന്നി കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ മൂന്ന്
ഗോളുകൾക്കാണ് ഏഷ്യൻ പടക്കുതിരകൾക്കു മേൽ ഖത്തർ വിജയം കുറിച്ചത്.

എഴുതി തള്ളിയവർക്കെല്ലാമുള്ള മറുപടിയായിട്ടായിരുന്നു ഖത്തർ അബുദബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പന്തു തട്ടാനിറങ്ങിയത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു തവണ ജപ്പാൻ വല കുലുക്കിയ ഖത്തർ, മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. 12ാം മിനിറ്റിൽ മനോഹരമായ സിസര്‍കട്ട് ഗോളിലൂടെ അൽമോസ് അലിയാണ് ഖത്തറിന് ആദ്യ ഗോൾ സമ്മാനിച്ചത്. അധികം വെെകാതെ, 27ാം മിനിറ്റിൽ തന്നെ അബ്ദൽ അസീസ് ഹാതിമിലൂടെ രണ്ടാം തവണയും ജപ്പാൻ വല കുലുക്കി ഖത്തർ ആദ്യ പകുതി പൂർത്തിയാക്കി.

83ാം മിനിറ്റിൽ അനാവശ്യമായി വഴങ്ങിയ പെനാൽറ്റി അവസരവും ഗോളാക്കി മാറ്റി ഖത്തർ ഗോള്‍ പട്ടിക പൂർത്തിയാക്കി. അക്രം അഫീഫ് ആണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ജപ്പാനിൽ നിന്നും നിരവധി മുന്നേറ്റങ്ങളുണ്ടായെങ്കിലും, മികച്ച പ്രതിരോധം തീർത്ത ഖത്തർ ജപ്പാനെ വെള്ളം കുടിപ്പിച്ചു. കളിയുടെ 69ാം മിനിറ്റില്‍ തകുമി മിനാമിനോ ആണ് ജപ്പാന്റെ ആശ്വാസ ഗോൾ നേടിയത്.

ടൂർണമെന്റിൽ അൽമോസ് അലിയുടെ ഒമ്പതാമത്തെ ഗോളായിരുന്നു ഇന്നത്തേത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് അൽമോസ് അലി.

error: Content is protected !!