പ്രിയങ്ക എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തു

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി സ്ഥാനം ഏറ്റെടുത്തു. ബുധനാഴ്ച വൈകീട്ട് ഡെല്‍ഹിയിലെ എ.ഐ.സി.സിആസ്ഥാനത്ത് എത്തിയാണ് പ്രിയങ്ക സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ സ്വീകരിച്ചത്. എ.ഐ.സി.സി ആസ്ഥാനത്തേക്ക് എത്തിയ പ്രിയങ്ക അവര്‍ക്ക് അനുവദിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ മുറിയിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് യുപിയില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി അവര്‍ കൂടിക്കാഴ്ച്ച നടത്തി.

വിദേശത്തായിരുന്ന പ്രിയങ്ക രാഹുല്‍ ഗാന്ധി അവരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച ശേഷം ഇന്നാണ് ദില്ലിയില്‍ മടങ്ങിയെത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയ പ്രിയങ്ക ബിജെപി സര്‍ക്കാര്‍ വദ്രയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഏത് ഘട്ടത്തിലും റോബര്‍ട്ട് വദ്രയ്‌ക്കൊപ്പം താന്‍ ഉറച്ചു നില്‍ക്കുമെന്നും ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നാണ് പ്രിയങ്ക എ.ഐ.സി.സി ആസ്ഥാനത്ത് എത്തി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തത്.

കിഴക്കന്‍ ദില്ലിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞമാസമാണ് പ്രിയങ്കയെ രാഹുല്‍ഗാന്ധി നിയമിച്ചത്. ഈ ആഴ്ച്ച തന്നെ പ്രിയങ്ക യുപിയിലെത്തും എന്നാണ് എ.ഐ.സി.സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഘടനാ ചുമതലയുമായി വരുന്ന പ്രിയങ്കയ്ക്ക് ഉജ്ജ്വലസ്വീകരണം നല്‍കാനായി കാത്തിരിക്കുകയാണ് യുപിയിലെ പ്രവര്‍ത്തകര്‍.

error: Content is protected !!