ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയ ഖത്തര്‍ ടീമിന് നാട്ടില്‍ ഉജ്ജ്വല സ്വീകരണം

യുഎഇ: ജപ്പാനെ തോല്‍പ്പിച്ച് ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയ ഖത്തര്‍ ടീമിന് നാട്ടില്‍ ഉജ്ജ്വല സ്വീകരണം. ദോഹയില്‍ വിമാനമിറങ്ങിയ ടീമംഗങ്ങളെ അമീറും മറ്റ് രാഷ്ട്രനേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. തുറന്ന വാഹനത്തില്‍ ആനയിച്ച താരങ്ങളെ കാണാന്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് ദോഹയില്‍ തടിച്ചുകൂടിയത്.

കാറ്റുനിറച്ചൊരു തുകല്‍പ്പന്തുമായി ആകാശം കീഴടക്കാന്‍ പോയ അത്ഭുതസംഘം ദോഹയുടെ മണ്ണില്‍ തിരിച്ചിറങ്ങി. അതിരുകളില്ലാത്ത ആനന്ദത്തിന്റെ മെറൂണ്‍ പരവതാനിയിലേക്ക് ഹസന്‍ ഹൈദോസും സംഘവും മാലാഖമാരെപ്പോലെ ഇറങ്ങി വന്നു. ഖത്തറിന്റെ രാഷ്ട്ര നായകന്‍ ആ പോരാളിക്കൂട്ടത്തെ കണ്ണുനിറയെ കണ്ടു. അലാവുദ്ദീന്റെ അത്ഭുതവിളക്ക് പോലൊരു സമ്മാനമുണ്ടായിരുന്നു ഹൈദോസിന്റെ കയ്യില്‍. ആ കിരീടത്തിന് എന്ത് വിലയിടണമെന്നറിയാതെ തമീം ബിന്‍ ഹമദ് അല്‍ത്താനിയെന്ന സമ്പന്നരാജ്യത്തിന്റെ അധിപന്‍ ഒരു നിമിഷം വിഷമിച്ചു കാണണം.

ഓരോരുത്തരെയായി ചേര്‍ത്തുപിടിച്ചു. സ്‌നേഹവും സന്തോഷവും കൈമാറി. ആര്‍ത്തലക്കുന്ന അറബിക്കടല്‍ പോലൊരു പാരാവാരം തൊട്ടപ്പുറത്ത് അക്ഷമരായി കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരേ വികാരമുള്ള പലതരം മനുഷ്യര്‍. തുറന്ന വാഹനത്തില്‍ അല്‍മോസ് അലിയും അക്രം അഫീഫും സാദ് അല്‍ ഷീബുമൊക്കെ ആ ഹൃദയവായ്പുകളെ നെഞ്ചിലേക്കാവാഹിച്ചു.

തലമുറകള്‍ക്ക് പാടിപ്പകരാന്‍ ആയിരത്തൊന്ന് രാവുകളില്‍ മറ്റൊരു വീര ചരിതം കൂടി തുന്നിച്ചേര്‍ക്കപ്പെടുന്നു. നാല് കൊല്ലമകലെ ഭൂമിയാകുന്ന തുകല്‍പ്പന്തിനെ അഭിമാനത്തോടെ മാറോടണയ്ക്കാന്‍ ദോഹയിലെ മണല്‍ത്തരികള്‍ ഊറ്റം കൊള്ളുന്നു.

 

error: Content is protected !!