സ്ത്രീ പ്രവേശനം ; സർക്കാർ കണക്ക് വിശ്വസിക്കുന്നില്ല – പന്തളം കൊട്ടാരം …

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇതുവരെ 51 യുവതികൾ കയറിയെന്ന സർക്കാർ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി നാരായണ വർമ്മ. സത്യവാങ്മൂലമെന്ന പേരില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാകാം. ഇത് കേസിനെ ദുര്‍ബലപ്പെടുത്തില്ലെന്നും നാരായണ വർമ്മ പറഞ്ഞു.

ആചാരം നിലനിര്‍ത്തണമെന്ന് തന്നെയാണ് ആവശ്യമെന്നും നാരായണ വര്‍മ്മ പറഞ്ഞു. ശബരിമലയില്‍ ഭക്തകളായ യുവതികളെ കണ്ടിട്ടില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് കാത്ത് നില്‍ക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇതുവരെ 51 യുവതികൾ കയറിയെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കയറിയ സ്ത്രീകളുടെ പട്ടിക ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഓൺലൈൻ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാൻ എത്തിയതെന്ന് കടകംപള്ളി സ്ഥിരീകരിച്ചു. പത്തിനും അമ്പതിനുമിടക്ക് പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തിയത്. ഇതിന്റെ വിശദമായ പട്ടികയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

പേരും ആധാർ കാർഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയിൽ നൽകിയിരിക്കുന്നത്. സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയിൽ സർക്കാർ പട്ടിക നൽകിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. പുനഃപരിശോധനാഹർജികൾ എന്ന് പരിഗണിക്കുമെന്ന കാര്യം ഇപ്പോഴും ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിട്ടില്ല.

error: Content is protected !!