ഒമാനിലെ കാര്‍ഷിക വിളകളിലെ കീടങ്ങളെ നശിപ്പിക്കാന്‍ ഡ്രോണുകളുമായി കൃഷി-മത്സ്യബന്ധന മന്ത്രാലയം

മസ്‌കത്ത്: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താന്‍ ഒമാനില്‍ ഡ്രോണുകള്‍ വരുന്നു. വിളകള്‍ നശിപ്പിക്കുന്ന വെട്ടുകിളികള്‍ ഉള്‍പ്പെടെയുള്ള കീടങ്ങളെ തുരത്താന്‍ യുഎന്‍ സഹായത്തോടെ ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കാനും കൃഷിമത്സ്യബന്ധന മന്ത്രാലയം തീരുമാനിച്ചു. ബാദിയ വിലായത്തിലാകും പദ്ധതി ആദ്യം നടപ്പാക്കുക.

കീടങ്ങളുടെ സാന്നിധ്യം, ആക്രമണം കൂടുതലുള്ള മേഖലകള്‍, മണ്ണിന്റെ ഗുണമേന്മ എന്നിവ മനസ്സിലാക്കാന്‍ സാധിക്കും. ഇവ എവിടെ നിന്നാണു വരുന്നതെന്നും കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. കീടങ്ങളുടെ സാന്നിധ്യം അറിയാമെന്നത് കര്‍ഷകര്‍ക്കു വലിയ നേട്ടമാകുമെന്നു കാര്‍ഷിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

സംയോജിത കാര്‍ഷിക മേഖലകളില്‍ പലതരം കീടങ്ങളുടെ ആക്രമണം പതിവാണ്. കര്‍ഷകര്‍ക്കു ദിവസവും പരിശോധന നടത്താനും മുന്‍കരുതല്‍ സ്വീകരിക്കാനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പല കീടങ്ങള്‍ക്കും ഹെക്ടറുകളോളം സ്ഥലത്ത് അതിവേഗം പെരുകാനും വന്‍തോതില്‍ നാശം വിതയ്ക്കാനും കഴിയുമെന്നിരിക്കെ ഡ്രോണ്‍ സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാം.

യുഎഇ കാര്‍ഷികമേഖലയില്‍ ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ഒമാനും കടന്നുവരുന്നത്. യുഎഇയില്‍ വിത്തുപാകുന്നതു മുതല്‍ വിളവെടുപ്പുവരെയുള്ള സകല കാര്യങ്ങള്‍ക്കും ഡ്രോണുകളെ നിയോഗിക്കാന്‍ പദ്ധതി തയാറാക്കി വരികയാണ്. നിര്‍മിതബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) എന്നിവയുമായി ബന്ധിപ്പിച്ചു ഡ്രോണുകളുടെ കരുത്തും കാര്യശേഷിയും ബുദ്ധികൂര്‍മതയും വര്‍ധിപ്പിക്കാനാണ് നീക്കം.

ഈന്തപ്പനത്തോട്ടങ്ങളിലെ കൊമ്പന്‍ ചെല്ലികളെ കണ്ടെത്താന്‍ ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്തിയത് വന്‍ വിജയമായിരുന്നു. രാജ്യത്തെ എല്ലാ കൃഷിയിടങ്ങളിലും ഇതു നടപ്പാക്കാനാകുമെന്നാണു കൃഷി മത്സ്യ ബന്ധന മന്ത്രാലയത്തിലിന്റെ പ്രതീക്ഷ. അതിനാല്‍ അവ നടപ്പാക്കാനുള്ള പദ്ധതികള്‍ വേഗത്തില്‍ ക്രമീകരിക്കുകയാണ് മന്ത്രാലയം.

error: Content is protected !!