മാമാങ്കം വിവാദം ; സംവിധായകനെ മാറ്റിയതിന് വിശദീകരണവുമായി നിർമ്മാതാവ് …

മാമാങ്കം സിനിമയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ് രംഗത്ത്. പരിചയക്കുറവും ‘ഗുണമേന്മ ഇല്ലായ്മയും’ മൂലം പത്ത് കോടിയോളം രൂപയുടെ വലിയ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സംവിധായകന്‍ സജീവ് പിള്ളയെ പുറത്താക്കിയതെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുള്ളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നെന്നും വേണു കുന്നപ്പള്ളി പറഞ്ഞു.

37 ദിവസം സജീവ് പിള്ളക്ക് കീഴില്‍ ചിത്രീകരിച്ച ഫൂട്ടേജുകളില്‍ 20 മിനിറ്റ് മാത്രമാണ് ഉപയോഗയോഗ്യമായുള്ളത്. ഏകദേശം പത്ത് കോടിയോളം രൂപ ഇത് മൂലം നഷ്ടമായി. സ്‌ക്രിപ്റ്റിന്‍റെയും സംവിധാനത്തിന്‍റെയും പ്രതിഫലം ചേര്‍ത്ത് 21.75 ലക്ഷം കൈപ്പറ്റിയ ശേഷം സജീവ് പിള്ള നുണകളും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് വേണു കൂട്ടിച്ചേര്‍ത്തു.

യുവനടന്‍ ധ്രുവനെ ചിത്രത്തില്‍ നിന്ന് പുറത്താക്കാനുള്ള കാരണവും നിര്‍മ്മാതാവ് വ്യക്തമാക്കി. സജീവ് പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ഷൂട്ട് നീണ്ടുപോയി. ഇതിനിടെ പുതിയ ചിത്രം ചെയ്യണമെന്നും 2019 മാര്‍ച്ച് 31നകം പ്രൊജക്ടില്‍ നിന്നും തന്നെ വിടണമെന്നും ധ്രുവ് ആവശ്യപ്പെട്ടു. അത് ഒട്ടും പ്രായോഗികമായിരുന്നില്ല. ഏപ്രില്‍ ‍- മെയ് മാസങ്ങള്‍ കഴിയാതെ ചിത്രീകരണം അവസാനിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇതാണ് ധ്രുവിനെ ടെര്‍മിനേറ്റ് ചെയ്യാന്‍ കാരണമായതെന്നും മാമാങ്കം നിര്‍മ്മാതാവ് വ്യക്തമാക്കി.

error: Content is protected !!