കടൽ സുരക്ഷാസ്‌ക്വാഡുകളുടെ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു…

ഓഖിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കടൽ സുരക്ഷാസംവിധാനങ്ങളും കടൽ രക്ഷാപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കടൽ സുരക്ഷാസ്‌ക്വാഡുകൾ രൂപീകരിക്കുന്നതിന് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉള്ള യാനങ്ങളുടെ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോവയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിൽ രക്ഷാ പ്രവർത്തനം സംബന്ധിച്ച് പരിശീലനം നൽകും.   പരമ്പരാഗത യാനങ്ങളിൽ യാനമുടമയും രണ്ട് തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായും മെക്കനൈസ്ഡ് വിഭാഗത്തിൽ സ്രാങ്കും, ഡ്രൈവറും, യാനമുടമ/പ്രതിനിധി ഉൾപ്പടുന്ന ഗ്രൂപ്പുകളായുമാണ് അപേക്ഷിക്കേണ്ടത്.

യാനമുടമ മത്സ്യബന്ധനത്തിന് പോകാത്തയാളോ, കടൽ പരിചയമില്ലാത്തയാളോ, യോഗ്യതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തയാളോ ആണെങ്കിൽ അവർക്ക് പകരം ഒരു പരിചയ സമ്പന്നനായ മത്സ്യത്തൊഴിലാളിയെ ഉൾപ്പെടുത്താവുന്നതും അത് അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതുമാണ്.  അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകൾ, കണ്ണൂർ ഫിഷറീസ് സ്റ്റേഷനുകൾ, മത്സ്യഭവനുകൾ എന്നിവിങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 19 ന് വൈകുന്നേരം അഞ്ച് മണി വരെ അതത് ഓഫീസുകളിൽ സ്വീകരിക്കും.

മത്സ്യബന്ധന യാനങ്ങൾക്ക് നാവിക് ഉപകരണം വിതരണം ചെയ്യുന്നു

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ്‌വരുത്തുന്നതിനായി നാവിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.  ഉപകരണത്തിന്റെ സഹായത്തോടെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് 1500 കിലോമീറ്റർ പരിധിക്കുള്ളിൽ വരെ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച സന്ദേശങ്ങൾ കൈമാറുന്നതിനും അന്താരാഷ്ട്ര അതിർത്തി, മത്സ്യലഭ്യത പ്രദേശം മുതലായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും കഴിയും.

നാവിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി കേരളമത്സ്യത്തൊഴിലാളിക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളതും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ജോലിചെയ്യുന്നതും 12 നോട്ടിക്കൽ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും രജിസ്‌ട്രേഷനും ലൈസൻസുമുള്ളതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 19 ന് വൈകുന്നേരം അഞ്ച് മണി വരെ അതത് ഓഫീസുകളിൽ സ്വീകരിക്കും.

error: Content is protected !!