ഒറ്റക്ക് യു.പി പിടിക്കാന്‍ കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കാന്‍ പ്രാപ്തരാണെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്ത് എസ്.പി-ബി.എസ്.പി സഖ്യം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് യോഗം.

പ്രതിപക്ഷ ഐക്യ നീക്കങ്ങളുടെ ഭാഗമായി പല തവണ ചര്‍ച്ച നടത്തിയെങ്കിലും കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് എസ്.പിയും ബി.എസ്.പിയും തീരുമാനിച്ചത്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇത് അനുവാര്യമാണെന്ന് എസ്.പിയും ബി.എസ്.പിയും വിലയിരുത്തുന്നു. ഔദ്യോഗിക സഖ്യ പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസ് ലഖ്നൌവില്‍ യോഗം ചേരുന്നത്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, പി.സി.സി അധ്യക്ഷന്‍ രാജ് ബബാര്‍ എന്നിവരും സംസ്ഥാനത്തെ മറ്റ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ച് ജയിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം. ലക്ഷ്യം ബി.ജെ.പിയെ തോല്‍പിക്കുകയാണെന്നും, ആവശ്യമെങ്കില്‍ ഒറ്റക്ക് കോണ്‍ഗ്രസ് മത്സരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. 38 സീറ്റില്‍ വീതം മത്സരിക്കാനും 2 സീറ്റ് സഖ്യകക്ഷികള്‍ക്ക് നല്‍കാനുമാണ് എസ്.പി- -ബി.എസ്.പി ധാരണ.

സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടേയും മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു.

error: Content is protected !!