ആലപ്പാട് ; ചർച്ച പ്രഹസനം മാത്രം – സമരക്കാർ …

ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ  ചർച്ച പ്രഹസനമായിരുന്നെന്ന് ആലപ്പാട് സമര സമിതി.  മന്ത്രിയെ ഐആർഇയിലെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചു. വ്യവസായം സംരക്ഷിക്കണമെന്ന നിലപാടിലാണ് സർക്കാർ ഉറച്ച് നിന്നതെന്നും സമരസമതി  കൺവീനർ ചന്ദ്രദാസ് ആലപ്പാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ വിളിച്ച ചർച്ചയിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്തായി. സമരം ശക്തമായി തുടരുമെന്നുംസമരസമിതി അറിയിച്ചു.

അതേസമയം ആലപ്പാട് സമരസമിതി പറയുന്ന കാര്യങ്ങൾ വസ്തുതാപരമല്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. സർക്കാരിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. വ്യവസായം പൂട്ടിയാൽ എന്തെന്നാണ് സമരക്കാരുടെ ചോദ്യം .അതെങ്ങനെ ശെരിയാകുമെന്നും മന്ത്രി ചോദിച്ചു. കാര്യങ്ങള്‍ മനസിലാക്കാന്‍ ആലപ്പാട് സന്ദർശിക്കും
. പുറത്തു നിന്നുള്ളവരാണ് സമരക്കാർ എന്ന സർക്കാർ വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാൽ മനസിലാകുമെന്നും മന്ത്രി പറഞ്ഞു.

സമരസമിതി ഇന്നലെ മന്ത്രി ഇപി ജയരാജനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആലപ്പാട്ടെ ഖനനം പൂർണ്ണമായും നിർത്തിവക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും സമരം തുടരുമെന്നും സമര സമിത ഇന്നലെ തന്നെ വ്യക്തമാക്കുകയും ചെയ്തു. മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരും. 

ആലപ്പാട്ട് താമസിക്കുന്ന 2500 ത്തോളം ജനങ്ങളുടെ വിഷയം അതിജീവനമാണ് . ഏത് സമയത്തും കടലില്‍ പോവുന്ന അവസ്ഥയിലാണ് ജനങ്ങള്‍ താമസിക്കുന്നത്.  പ്രശ്നങ്ങള്‍ പറയുമ്പോള്‍ കമ്പിനിയുടെയും 240 തൊഴിലാളികളുടെയും കാര്യം പറയുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ലെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.

ഒരു മാസത്തേക്ക് ആലപ്പാട്ടെ തീരത്ത് സീ വാഷിംഗ് നിർത്തിവയ്‍ക്കുമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത്. ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. ഈ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സർക്കാർ തീരുമാനിക്കുക. എന്നാൽ ഇൻലാൻഡ് വാഷിംഗ് തുടരുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

അതേസമയം തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. തീരമേഖലയിൽ പുലിമുട്ട് നിർമാണം കാര്യക്ഷമമാക്കും. കടൽഭിത്തികളും ശക്തിപ്പെടുത്തും. തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

error: Content is protected !!