കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ മധ്യപ്രദേശ് സർക്കാരിന്‍റെ ആദ്യ തീരുമാനം

മധ്യപ്രദേശിൽ കമൽനാഥും, രാജസ്ഥാനിൽ അശോക് ഗേലോട്ടും ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗലും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജസ്ഥാനിൽ അശോക് ഗേലോട്ടിന്‍റെ സത്യപ്രതിജ്ഞ പ്രതിപക്ഷ ശക്തിപ്രകടനമായി. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, എൽജെഡി അധ്യക്ഷൻ ശരദ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ ജയ്‍പൂരിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനുമൊപ്പം ബസ്സിലാണ് എല്ലാ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് എന്നത് കൗതുകമായി.

അതേസമയം, മധ്യപ്രദേശിൽ മുഖ്യമന്ത്രിയായി കമൽനാഥിന്‍റെ അധ്യക്ഷതയിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവായ വസുന്ധരാ രാജെ സിന്ധ്യയും എത്തി. സ്വന്തം അനന്തിരവനായ ജ്യോതിരാദിത്യ സിന്ധ്യയെ ആശ്ലേഷിച്ച് അഭിനന്ദനമറിയിച്ച വസുന്ധര കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടും അഭിനന്ദനമറിയിച്ചു.

രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായാണ് മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിന്‍റെ അധ്യക്ഷതയിലുള്ള ആദ്യ മന്ത്രിസഭായോഗം അവസാനിച്ചത്. മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തെര‍ഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അത്.

1984-ലെ സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാർ കുറ്റക്കാരനെന്ന് ദില്ലി ഹൈക്കോടതി വിധിച്ച അതേ ദിവസമാണ് അതേ കേസിൽ ഒരിക്കൽ പ്രതിയാക്കപ്പെട്ട കമൽനാഥ് മുഖ്യമന്ത്രിയാകുന്നത് എന്നതും ശ്രദ്ധേയം. സിഖ് കൂട്ടക്കൊല അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷൻ സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് കമൽനാഥിനെ വിട്ടയച്ചത്.

ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗൽ വൈകിട്ട് നാലരയ്ക്ക് നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികാരത്തിലെത്തിയാൽ കർഷകവായ്പകൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം ബാഗലും ആവർത്തിച്ചിരുന്നു.

 

error: Content is protected !!