യു.എ.യിലേക്ക് വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ കൊണ്ടുവരാൻ ഇനി മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ല

യു.എ.ഇയിലെ താമസക്കാർക്കും സന്ദർശകർക്കും വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരാൻ മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ലെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ മന്ത്രാലയ വക്താവ് നടത്തിയ പ്രസ്താവനയെ തുടർന്ന് നിരവധി അന്വേഷണങ്ങൾ വന്ന സാഹചര്യത്തിലാണ് വിശദീകരണം.
നിയന്ത്രിത മരുന്നുകള്‍ കൊണ്ടുവരുന്നവർ മുൻകൂർ അനുമതി നേടിയാല്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ നേരത്തെയുള്ള നിയമത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. നടപടികള്‍ എളുപ്പമാക്കുന്നതിന് വേണ്ടിയാണിതെന്നും അധികൃതർ വ്യക്തമാക്കി.
നിയന്ത്രിത മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ഓണ്‍ലൈന്‍ അനുമതി നേടിയിട്ടില്ലെങ്കില്‍ വിമാനത്താവളത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഡോക്ടറുടെ കുറിപ്പ്, എന്തുകൊണ്ടാണ് മരുന്ന് ആവശ്യമെന്നതും എത്ര അളവ് വേണമെന്നതും സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് തുടങ്ങിയവ പരിശോധന സമയത്ത് കാണിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ നൽകുേമ്പാഴും ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പടി, മെഡിക്കൽ റിപ്പോർട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്‍ലോഡ് ചെയ്യണം. www.mohap.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
നിയന്ത്രിത മരുന്നുകളുടെ വിശദമായ പട്ടിക യൂ.എ.ഇ നാർക്കോട്ടിക് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.