ദീപാവലിക്ക് 96 സംപ്രേഷണം ചെയ്യുമെന്ന് സണ്‍ടിവി: പൊങ്കലിലേക്ക് മാറ്റണമെന്ന അഭ്യര്‍ത്ഥനയുമായി തൃഷ

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തിയ 96 അഞ്ചാം ആഴ്ച്ചയും തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതിനിടയില്‍ ദീപാവലിക്ക് ചിത്രം ടെലിവിഷന്‍ പ്രീമിയറായി എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സണ്‍ ടിവി. എന്നാല്‍ ഇത് ശരിയായ നടപടിയല്ലെന്നും കടുത്ത അനീതിയാണെന്നും നടി തൃഷ പ്രതികരിച്ചു. ട്വിറ്ററിലും നടി സണ്‍ടിവിയുടെ നടപടിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

”ഇത് ഞങ്ങളുടെ അഞ്ചാമത്തെ ആഴ്ചയാണ്. ഇപ്പോഴും തിയറ്ററുകളില്‍ ചിത്രം നിറഞ്ഞോടുകയാണ്. ഒരു ടീമെന്ന നിലയ്ക്ക് 96 ഇത്ര നേരത്തെ ടെലിവിഷന്‍ പ്രീമിയര്‍ ആയി എത്തുന്നത് ശരിയല്ല. പ്രീമിയര്‍ പൊങ്കലിലേക്ക് മാറ്റിവെക്കണമെന്ന് അഭ്യര്‍ഥിക്കുന്നു”, തൃഷ ട്വിറ്ററില്‍ കുറിച്ചു. തമിഴിലെ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നെന്ന പട്ടികയിലേക്ക് 96 ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴും വിജയകരമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

അതേസമയം ,96ന് തീയേറ്ററുകളില്‍ ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. മനോഹരമായ, ഹൃദയത്തില്‍ തൊടുന്ന ഒരു പ്രണയ ചിത്രം എന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നത്. ഈ ചിത്രത്തിലെ പ്രതിഫലത്തേക്കാള്‍ വലിയ തുകയാണ് ഈ ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ വേണ്ടി വിജയ് ചെലവഴിച്ചത്. ഒന്നര കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം വാങ്ങിച്ച പ്രതിഫലം. ബാക്കി രണ്ടരക്കോടി രൂപ സ്വന്തം കയ്യില്‍ നിന്ന് നല്‍കിയാണ് ഈ ചിത്രത്തെ അദ്ദേഹം പുറത്തു കൊണ്ട് വരുന്നത്.തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ പ്രശസ്തനായ ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

error: Content is protected !!