മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എം ഫ്രാക്ഷന്‍ : പി.എസ് ശ്രീധരന്‍പിള്ള

താന്‍ ഇന്നലെ നടത്തിയ ഒരു പ്രസംഗമാണ് ഇന്ന് ഏതോ രഹസ്യം കണ്ടുപിടിച്ചെന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇന്നലെ മുതല്‍ക്കേ ബി.ജെ.വൈ.എം കേരള എന്ന പേജിലും ഇട്ടിരുന്നതാണ്. 19-ാം തീയതി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതും ഇതേകാര്യങ്ങള്‍ തന്നെയാണ്. ഇന്ന് ഇത് വാര്‍ത്ത ആക്കിയതിനു പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സി.പി.എം ഫ്രാക്ഷന്‍ ആണെന്ന ഗുരുതര ആരോപണവും ശ്രീധരന്‍പിള്ള ഉന്നയിച്ചു.

സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തോടുള്ള കടുത്ത ദ്രോഹമാണിത്. ഇന്നലെ നടത്തിയ ഒരു പ്രസംഗമാണ്. അതു ലൈവായി ബി.ജെ.വൈ.എം കേരളയില്‍ ഇട്ടതാണ്. അതാണ് ഇന്ന് ഏതോ രഹസ്യം കണ്ടുപിടിച്ചെന്നു പറഞ്ഞ് പുറത്തുവിട്ടിരിക്കുന്നത്. ശബരിമലയില്‍ മാധ്യമ നിയന്ത്രണം ഉണ്ടായപ്പോള്‍ ശബ്ദിക്കാന്‍ ആരും ഉണ്ടായില്ല. സി.പി.എമ്മിന്റെ ഫ്രാക്ഷനില്‍ ചിലര്‍ പെട്ടുപോയി. അത് അപകടകരമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കുമ്മനത്തെപ്പറ്റി ഒരു പത്രത്തില്‍ വളരെ മോശമായി വാര്‍ത്തവന്നു. അത് അന്വേഷിക്കാന്‍ ഒരു പത്രസ്ഥാപനത്തില്‍ എത്തിയപ്പോഴാണ് 12 പേര്‍ അടങ്ങിയ സി.പി.എം ഫ്രാക്ഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നെന്ന് അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞത്. ഡല്‍ഹിയില്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ കയറി അഖിലേന്ത്യാ സെക്രട്ടറിയെ ആക്രമിക്കാന്‍ തീവ്രവാദി സംഘടനയിലെ ചിലര്‍ ശ്രമിച്ചു. ആ തീവ്രവാദസംഘടനയുടെ പേരിലാണ് പിറ്റേന്ന് ഇന്ത്യയിലെ എല്ലാ പത്രങ്ങളിലും വാര്‍ത്ത വന്നത്. എന്നാല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സി.പി.എം ഫ്രാക്ഷനില്‍പ്പെട്ട 12 പേര്‍ ചേര്‍ന്ന് സി.പി.എം സെക്രട്ടറിയെ ആര്‍.എസ്.എസ് ആക്രമിക്കാന്‍ ശ്രമിച്ചെന്നാക്കി. അതേത്തുടര്‍ന്ന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതിന് 399 കേസുകളാണ് കേരളത്തില്‍ ഉണ്ടായത്. ആ ഫ്രാക്ഷന്‍ അപകടകരമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയിലുള്ള ഫ്രാക്ഷന്‍ പിന്‍വലിക്കാന്‍ സി.പി.എം തയാറാകണം. അതു പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ അതിനെ എങ്ങനെ പരാജയപ്പെടുത്തണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുകൊള്ളുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അഭിഭാഷകന്‍ എന്ന നിലയില്‍ കക്ഷികളുമായി സംസാരിച്ചതിനെ കുറിച്ച് കൂടുതല്‍ പറയാനാകില്ല. തന്ത്രി കുടുംബം തന്നോട് നിയമോപദേശം തേടുകയായിരുന്നു. താന്‍ ആവശ്യപ്പെടാതെ തന്നെ സി.പി.എമ്മുകാര്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി വച്ചിട്ടുണ്ട്. ടി.പി കൊലക്കേസില്‍ എന്നെ വക്കലത്ത് ഏല്‍പ്പിക്കാനും ചിലര്‍ വന്നു. കെ.എം മാണിക്കെതിരെ നിയമസഭയില്‍ അക്രമം ഉണ്ടായപ്പോഴും തന്നെ വിളിച്ചാണ് കണ്‍സള്‍ട്ട് ചെയ്തത്. എസ്.എഫ്.ഐയുടെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ നേതാക്കള്‍ പ്രതിയായപ്പോഴും എന്റെ അടുത്തുവന്നു. എന്റെ പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനായി ചെയ്ത പ്രസംഗമാണ്. സമരം ജനാധിപത്യപരമായിരിക്കണമെന്നു പറഞ്ഞ് വഴികാട്ടുകയായിരുന്നു. അതൊന്നും നിങ്ങള്‍ കാട്ടിയില്ലല്ലോ.- ശ്രീധരന്‍ പിള്ള ചോദിച്ചു.

ശബരിമലയില്‍ ക്രൂരതയും മര്‍ദ്ദനവും നടക്കുകയാണ്. അതില്‍ നിന്നും ശ്രദ്ധ മാറ്റാനാണ് ഇന്ന് ഈ പ്രസംഗം കാണിച്ചത്. ഇന്നലെ ഇത് എവിടെ പോയിരുന്നു. ഇന്നു കാണിച്ചത് ദുരുദ്ദേശപരമാണ്. പറഞ്ഞകാര്യങ്ങളില്‍ അപാകതയില്ല. വിവാദങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. വിശ്വസികളുടെ ലക്ഷ്യത്തെ രാഷ്ട്രീയമായി മുതലെടുക്കാനല്ല ശ്രമിക്കുന്നത്. ബി.ജെ.പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശ്രീധരന്‍പിള്ളയെ തകര്‍ക്കണം. വ്യക്തിപരമായി അപമാനിക്കാനാണ് ശ്രമം. സി.പി.എമ്മുകാര്‍ക്ക് എന്നെപ്പറ്റി അറിയാം. താന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സി.പി.എമ്മുകാര്‍ മാപ്പെഴുതി നല്‍കിയിട്ടുണ്ട്. അതൊന്നും പുറത്തുവിടാത്തത് മാന്യതകൊണ്ടാണ്.

എല്ലാ നന്മകളെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചെറിയൊരു വിഭാഗം സി.പി.എമ്മിന്റെ ഫ്രാക്ഷനാണ് പ്രശ്‌നം. സി.പി.എം എന്ന പാര്‍ട്ടിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഫ്രാക്ഷന്‍ ഉണ്ടോയെന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്. അങ്ങനെ ഉണ്ടെങ്കില്‍ അതു പരിച്ചുവിടാന്‍ തയാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

You may have missed

error: Content is protected !!