‘ഉള്ളത് നന്നായി നോക്കാന്‍ പറ്റുന്നില്ല’; കാശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ല, ഇന്ത്യക്കും നല്‍കരുതെന്ന് അഫ്രീദി

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ പാക് ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി. ഇപ്പോള്‍ കെെവശമുള്ള നാല് പ്രവിശ്യകള്‍ നന്നായി നോക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കാശ്മീര്‍ പാക്കിസ്ഥാന്‍ ആവശ്യമില്ലെന്ന് അഫ്രീദി വ്യക്തമാക്കി.
കാശ്മീരില്‍ ജനങ്ങള്‍ മരിക്കുന്ന കാണുന്നത് സഹിക്കാനാവുന്നില്ല. ഒരു മരണം, അത് ഏത് സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും വേദനിപ്പിക്കുന്നതാണ്. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. കാശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല, അത് പോലെ ഇന്ത്യക്കും നല്‍കരുത്.
കശ്മീരിനെ സ്വതന്ത്രമായി നില്‍ക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താരം ഉപദേശം നല്‍കിയത്.
നേരത്തെയും, കാശ്മീര്‍ വിഷയത്തില്‍ അഫ്രീദി തന്‍റെ നിലപാടുകള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. നിരപരാധികള്‍ക്ക് നേരെ കാശ്മീരില്‍ വെടിയുതിര്‍ക്കുകയാണെന്നും യുഎന്‍ അടക്കമുള്ളവര്‍ എന്ത് കൊണ്ടാണ് വിഷയത്തില്‍ ഇടപെടാത്തതുമെന്നായിരുന്നു അഫ്രീദി അന്ന് പറഞ്ഞത്.