ശബരിമല അക്രമം: തൃപ്പൂണിത്തുറ സ്വദേശിക്ക് ജാമ്യമില്ല

ശബരിമലയിൽ പൊതുമുതൽ നശിപ്പിക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അക്രമത്തിൽ പങ്കില്ലെന്നു അവകാശപ്പെട്ടുകൊണ്ടായിരുന്നു ഹർജി. എന്നാൽ കോടതി വാദം അംഗീകരിച്ചില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നു വിലയിരുത്തിക്കൊണ്ടാണു ഹൈക്കോടതി ഹർജി തള്ളിയത്. ശബരിമല ആക്രമണവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണ് ഇത്.
ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരം സുപ്രീംകോടതി വിധിയ്‌ക്കെതിരെയാണെന്നും കോടതി പറഞ്ഞു. നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍ കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെയും അക്രമിച്ച ആളുകളുടെ ജാമ്യാപേക്ഷയാണ് തള്ളിയിരുന്നത്.
10 കെ.എസ്.ആര്‍.ടി.സി ബസുകളും 13 പൊലീസ് വാഹനങ്ങളും മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലും അറസ്റ്റ് ചെയ്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
നിയമം കൈയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി ജോണ്‍.കെ.ഇല്ലിക്കാടന്‍ പറഞ്ഞു.