തീര്‍‌ത്ഥാടകരെ നിലയ്ക്കലില്‍ കടത്തി വിടാന്‍ തുടങ്ങി

ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് ശബരിമലയിലേക്ക് എത്തിയ തീർഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ തീര്‍‌ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്. ഉച്ചയ്ക്ക് ശേഷം മാത്രമേ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയുളളൂ എന്നായിരുന്നു പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. തീർത്ഥാടകരെ വെവ്വേറെയായി പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്നും  പൊലീസ്  പറഞ്ഞിരുന്നു. ഒരുമിച്ച് ബസിൽ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് അറിയിച്ചത്.

എന്നാൽ നടന്ന് പോകാൻ അനുവദിക്കണമെന്നായിരുന്നു തീർത്ഥാടകരുടെ ആവശ്യം. ഇതേ തുടര്‍ന്ന് തീർത്ഥാടകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടകരുടെ ആവശ്യം പൊലീസ് അംഗീകരിക്കുകയും തീര്‍ത്ഥാടകരെ നടന്നുപോകാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു. അതേസമയം, നിലയ്ക്കലില്‍ നിന്ന് വാഹനങ്ങള്‍ 11.30ന് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.

അതിനിടെ, എരുമേലിയില്‍ നിന്ന് വാഹനങ്ങളും കടത്തിവിട്ടു തുടങ്ങി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെയും കടത്തി വിടാന്‍ തുടങ്ങി. ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓരോ മാധ്യമ പ്രവര്‍ത്തകരുടെയും തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സുരക്ഷ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് സന്നിധാനത്തേക്ക് പൊലീസ് പ്രവേശിപ്പിക്കുന്നത്.

error: Content is protected !!