ശബരിമലയെ കലാപഭൂമിയായക്കാന്‍ ബി‌ജെ‌പിയും സിപിഎമ്മും ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

ശബരിമലയില്‍ സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാപത്തിന് ഇടവരുത്തുന്ന നടപടി സര്‍ക്കാറും ബി.ജെ.പിയും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പൂര്‍ണമായ സമാധാന അന്തരീക്ഷം വേണം. യു.ഡി.എഫ് കലാപത്തിന് ഇല്ല. സമാധാനപരമായ അന്തരീക്ഷം നടത്തണമെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് നവംബര്‍ നാലാം തിയ്യതി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധാനയോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ നടത്തേണ്ട മുന്‍കരുതലുകളൊന്നും നടന്നിട്ടില്ല. ശബരിമലയിലേക്ക് വരുന്ന പാതകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാര്‍ വിവാദങ്ങള്‍ക്കു പുറകേയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതെല്ലാം ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനത്തെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ അവതാളത്തിലായിരിക്കുകയാണ്. വ്യാപക പരാതികളാണ് സര്‍ക്കാറിനെതിരെ ഉയരുന്നത്. ആദ്യ ഘട്ടത്തില്‍ ലഭിക്കേണ്ട പതിനായിരം രൂപ പോലും പലര്‍ക്കും കിട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കിയിട്ടുപോലും പലര്‍ക്കും ധനസഹായം ലഭിച്ചിട്ടില്ല.

സാലറി ചാലഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. പ്രളയത്തില്‍ ഒന്നായി നിന്ന കേരളീയരെ ഏറ്റവും കൂടുതല്‍ ഭിന്നിപ്പിച്ച ഒന്നായിരുന്നു സാലറി ചാലഞ്ച്. സാലറി ചാലഞ്ചിന്റെ പേരില്‍ നടത്തുന്നത് പിടിച്ചുപറിയാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ പിന്നോട്ടുപോയില്ല. ഹൈക്കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയാണുണ്ടായത്. ശബരിമല വിധി നടപ്പിലാക്കാന്‍ കാട്ടുന്ന ഉത്സാഹം ഈ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

error: Content is protected !!