കെ ടി ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയമായ മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിലൂടെ ഈ സര്‍ക്കാരിന്റെ യഥാര്‍ഥമുഖം പുറത്തെത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളതിനാലാണ് ജലീല്‍ മന്ത്രിയെന്ന നിലയില്‍ ഇത്രയും വലിയ അഴിമതി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായപ്പോഴെല്ലാം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ബന്ധുവിന് ജോലി നല്‍കിയതില്‍ പരാതി ഉന്നയിച്ച ആളുകൾക്ക് മന്ത്രി ജോലി കൊടുത്തു. പരാതി മൂടി വെക്കാന്‍ ആണ് മന്ത്രിയുടെ ഈ നടപടി. ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും ദാനം ചെയ്യാനുള്ളതാണോ സര്‍ക്കാര്‍ സ്ഥാപനത്തിലെ പദവികള്‍.
മന്ത്രി കെ ടി ജലീലിനെതിരായ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കാനുള്ള ധൈര്യം മറ്റു മന്ത്രിമാര്‍ക്ക് ലഭിച്ചു. ആര്‍ക്കും അഴിമതി നടത്താനുള്ള ലൈസന്‍സാണ് ജയരാജനെ തിരിച്ചെടുത്തതിലൂടെ മുഖ്യമന്ത്രി നല്‍കിയത്. സര്‍ക്കാര്‍ അഴിമതി സര്‍ക്കാരായി അധഃപതിച്ചിരിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിൻകര കൊലപാതകം നടന്നിട്ട് ആറി ദിവസമായിട്ടും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിന്റെ സംരക്ഷണം പ്രതിക്കുണ്ട്. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പ്രതി രക്ഷപ്പെടും. പ്രതിയെ തിരിച്ചറിഞ്ഞ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. കേസ് ഐജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അല്ലെങ്കിൽ സിബിഐയ്ക്ക് കൈമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.