ആറ് മന്ത്രിമാരടക്കം 40 എംഎല്‍എമാര്‍ക്ക് രാജസ്ഥാനില്‍ ബിജെപി സീറ്റില്ല; പട്ടിക വരും മുമ്പെ പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

രണ്ടാം സ്ഥാനാർത്ഥി പട്ടിക കൂടി പുറത്ത് വന്നപ്പോൾ ആറ് മന്ത്രിമാരടക്കം 40 എംഎല്‍എമാര്‍ക്കാണ് ബിജെപി രാജസ്ഥാനിൽ സീറ്റ് നിഷേധിച്ചിരിക്കുന്നത്. അൽവാറിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച എം എൽ എ ഗ്യാന്‍ ദേവ് അഹുജ അടക്കമുള്ളവരാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് പുറത്തായത്.

പശുക്കടത്ത് ആരോപിച്ച് അൽവാറിൽ പെഹ് ലു ഖാനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതിനെയാണ് രാംഘട്ട് എംഎല്‍എയായ അഹൂജ ന്യായീകരിച്ചത്. പശുക്കടത്തു നടത്തുന്നവരെ കൊല്ലണമെന്ന് വിവാദ പ്രസ്താവനയും നടത്തിയിരുന്നു. പശുക്കടത്ത് ആരോപിച്ച് രക്ബര്‍ ഖാനയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയപ്പോഴും പ്രതികളെ പിന്തുണച്ച അഹുജ പൊലീസിനെതിരെ ആരോപണവുമായി രംഗത്തു വന്നിരുന്നു. തുടര്‍ച്ചയായ രണ്ടും വട്ടം രാംഘട്ടിൽ നിന്ന് നിയമസഭയിലെത്തിയ അഹുജയ്ക് ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചു.

ആദ്യ പട്ടികയിൽ 25 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച ബിജെപി രണ്ടാം ഘട്ടത്തില്‍ 15 പേര്‍ക്കാണ് അവസരം നല്‍കേണ്ടന്ന് തീരുമാനിച്ചത്. സ്ഥാനാര്‍ഥിത്വം കിട്ടാത്തവര്‍ പാര്‍ട്ടി വിടുന്നുവെങ്കിലും ബി.ജെ.പി ഇതു കാര്യമാക്കുന്നില്ല. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ വലം കൈയായ മന്ത്രി യൂനുസ് ഖാൻ രണ്ടാം പട്ടികയിലും ഇടം പിടിച്ചില്ല.

മറുവശത്ത് കോണ്‍ഗ്രസ് നേതാക്കളാകട്ടെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുന്നതു വരെ കാത്തിരിക്കാനൊന്നും ഒരുക്കമല്ല. പട്ടിക വൈകുമ്പോള്‍, ക്ഷമ കെട്ട മുൻമന്ത്രി അടക്കം 10 നേതാക്കളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞത്. പ്രതിപക്ഷ ഉപനേതാവും മുൻ മന്ത്രിയും അടക്കമുള്ളവര്‍ ഉടൻ പത്രിക സമര്‍പ്പിക്കുമെന്നും അറിയിച്ചു.

നല്ല സമയം നോക്കി പത്രി നല്‍കിയതാകാമെന്നാണ് നേതൃത്വത്തിന്‍റെ പ്രതികരണം. സ്ഥാനാര്‍ഥികളാകുമെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും സച്ചിൻ പൈലറ്റും പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാൻ പി.സി.സി പ്രസിഡന്‍റ് അശോക് ഗെലോട്ട് നേരത്തെ വിജയിച്ച ജോധ്പൂരിലെ സര്‍ദാര്‍ പുരയിൽ നിന്ന് മല്‍സരിക്കാനാണ് സാധ്യത.

error: Content is protected !!