തൃപ്തി ദേശായിയെ കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും അറിയിച്ചു. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ പ്രീപെയ്‍ഡ് ടാക്സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് പേര്‍ പ്രതിഷേധിക്കുകയാണ്. ബിജെപി ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പുലര്‍ച്ചെ 4.45ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല. തനിക്കും ഒപ്പമുള്ള അഞ്ച് സ്ത്രീകള്‍ക്കും താമസവും യാത്രയും അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് ഇത് തള്ളിയിരുന്നു. വിമാനത്താവളത്തില്‍ തൃപ്തിയും സംഘവും എത്തുമെന്നറിഞ്ഞ് നേരത്തെ തന്നെ പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്നു.
പുറത്തിങ്ങാനാവാതെ വന്നപ്പോള്‍ വിമാനത്താവളത്തിലെ പ്രീ പെയ്‍ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തി ദേശായി പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ഇതിന് ശ്രമിച്ചെങ്കിലും ഡ്രൈവര്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഒരു ഓണ്‍ലൈന്‍ ടാക്സി വരുത്തി അടുത്തുള്ള ഹോട്ടലിലേക്കെങ്കിലും ഇവരെ മാറ്റാനായി പൊലീസിന്റെ ശ്രമം. ഒരു ഓണ്‍ലൈന്‍ ടാക്സി ഇതിനായി ബുക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും തൃപ്തിയെ കൊണ്ടുപോകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.
പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുമായി സമവായത്തിന് ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ല. ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും എന്ത് വിലകൊടുത്തും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം. പൊലീസ് സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.
നിരവധിപ്പേര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ വിമാനത്താവളത്തിന് മുന്നില്‍ കുത്തിയിരുന്ന് നാമം ജപിച്ചാണ് പ്രതിഷേധിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ തൃപ്തി ദേശായി യാത്ര അവസാനിപ്പിട്ട് തിരികെ പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തൃപ്തിയും സംഘവും ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ തന്നെ തുടരുകയാണ്.