ദുരിതാശ്വാസനിധി തട്ടിപ്പ് : ഒളിവിലായിരുന്ന ഇടതു സംഘടനാ നേതാവ് പിടിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള പണം ട്രഷറിയില്‍നിന്ന് തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയായ ഇടതു സര്‍വീസ് സംഘടനാ നേതാവ് അറസ്റ്റില്‍. എന്‍.ജി.ഒ യൂണിയന്‍ നേതാവും ചങ്ങരംകുളം സബ് ട്രഷറയിലെ എല്‍.ഡി ക്ലര്‍ക്കുമായ കെ. സന്തോഷ് ആണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സന്തോഷിനെ മൈസൂരില്‍ നിന്നാണ് പിടികൂടിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെത്തിയ പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയാണ് സന്തോഷ് തട്ടിപ്പു നടത്തിയത്. ചങ്ങരംകുളം സബ് ട്രഷറിയില്‍ നിന്ന് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ച് വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത് സന്തോഷാണെന്നും പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു. പണംതട്ടിയെടുത്ത കേസില്‍ സന്തോഷിനൊപ്പം സബ് ട്രഷറി ഓഫീസര്‍ സന്ധ്യ. പി. നായരും അക്കൗണ്ടന്റ് മന്‍സൂറലി എന്നിവരും പ്രതികളാണ്. അതേസമയം സന്ധ്യയ്ക്കും മന്‍സുറലിക്കും അശ്രദ്ധമൂലമുണ്ടായ ഔദ്യോഗിക വീഴ്ചയാണോയെന്നും പരിശോധിക്കുന്നുണ്ട്. സന്തോഷിനെ ചോദ്യം ചെയ്ത ശേഷമെ ഇവരെ അറസ്റ്റ് ചെയ്യണമൊയെന്ന് തീരുമാനിക്കൂ.

ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കിലെ അക്കൗണ്ട് നമ്പര്‍ മാറ്റി എഴുതിയാണ് സന്തോഷ് തട്ടിപ്പു നടത്തിയത്. പണം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. അറുപത്തയ്യായിരത്തോളം രൂപയാണ് തട്ടിയെടുത്തത്. ഇതിനു പുറമെ പെന്‍ഷന്‍കാരുടെ ആദായ നികുതി അടയ്ക്കാന്‍ ബ്ലാങ്ക് ചെക്ക് വാങ്ങി പണം തട്ടുകയും ചെയ്തിട്ടുണ്ട്.

പൊന്നാനി ഓഫീസിലെ സര്‍ട്ടിഫിക്കറ്റ് ബുക്ക് മോഷണം പോയതുമായി ബന്ധപെട്ട അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സന്തോഷ് ട്രഷറി ഓഫീസര്‍ സന്ധ്യ, ഗ്രേഡ് അക്കൗണ്ടന്റ് മന്‍സൂര്‍ അലി, പൊന്നാനി സബ് ട്രഷറി ഓഫീസര്‍ ഹേമലത, ജൂനിയര്‍ സൂപ്രണ്ട് അനില്‍കുമാര്‍, ജൂനിയര്‍ അക്കൗണ്ടന്റ് ശ്രീജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷ് ഒളിവില്‍ പോയത്.

പൊതുമരാമത്തു നിര്‍മാണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി കോണ്‍ട്രാക്ടര്‍മാരുടെ ഫിക്‌സിഡ് ഡെപ്പോസിറ്റിലേക്കുള്ള പണവും സ്വന്തം പേരിലേക് മാറ്റിയെഴുതി. ഇതിനായി പൊന്നാനി സബ് ട്രഷറി ഓഫീസില്‍ നിന്ന് മോഷ്ടിച്ച എഫ് ഡി സര്‍ട്ടിഫിക്കറ്റ് ബുക്കില്‍ വ്യാജ അക്കൗണ്ട് നമ്പര്‍ എഴുതി സീല്‍ വെച്ച് അക്കൗണ്ട് ഉടമയ്ക്ക് നല്‍കുകയും ചെയ്തു. തുടക്കത്തില്‍ 65000 രൂപയുടെ മാത്രം അഴിമതിയാണ് കണ്ടെത്തിയത്. അഴിമതി പുറത്തു വന്നതോടെ ചലാന്‍ രസീത് കിട്ടിയിട്ടില്ലെന്ന്പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചങ്ങരംകുളം പൊലീസിനൊപ്പം സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് തട്ടിയെടുത്ത കേസ് പൊന്നാനി പൊലീസും അന്വേഷിക്കുന്നുണ്ട്.

error: Content is protected !!