ദൈവം വിധി നടപ്പാക്കിയെന്ന് സനലിന്‍റെ ഭാര്യ വിജി

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച  നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജി.  ദൈവം ദൈവത്തിന്‍റെ വിധി നടപ്പാക്കിയെന്നാണ് വിജി പ്രതികരിച്ചത്.  ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു വിജിയും സനലിന്‍റെ കുടുംബാംഗങ്ങളും.

കൊലപാതകം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് സംശയം.

ഇയാള്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിനുണ്ടായിരുന്ന സൂചന. നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. വീട്ടില്‍ പരിശോധനയ്ക്കായി പൊലീസെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഇവിടെ വളര്‍ത്തു നായ്ക്കളെ അഴിച്ചിട്ട നിലയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!