വീണ്ടും മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഇടതുമുന്നണിയെന്ന്‍ നികേഷ് കുമാര്‍

കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ തൃപ്തിയെന്ന് എം.വി നികേഷ് കുമാര്‍. നിയമപോരാട്ടം തുടരുമെന്നു നികേഷ് കുമാര്‍ പറഞ്ഞു. തുടക്കം മുതല്‍ കോണ്‍ഗ്രസ് തനിക്കെതിരെ വ്യക്തിഹത്യയും വര്‍ഗീയ പ്രചരണവും നടത്തിയിരുന്നു. തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
രണ്ടര വര്‍ഷത്തെ നിയമപോരാട്ടം ഫലം കണ്ടു. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ കോടതി അംഗീകരിച്ചു. വീണ്ടും മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഇടതുമുന്നണിയാണെന്നും നികേഷ് കുമാര്‍ പറഞ്ഞു. കോടതി ആറ് വര്‍ഷമല്ല അറുപത് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ചാലും അത് തന്നെ വലിയ രീതിയില്‍ ബാധിക്കുമായിരുന്നില്ലെന്നും എന്നാല്‍ വര്‍ഗീയ വാദം നടത്തി എന്ന പരാമര്‍ശം തന്നെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനമാണെന്നുമായിരുന്നു കെ.എം ഷാജിയുടെ പ്രതികരണം.
20 ശതമാനം മാത്രം മുസ്‌ലീം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ എങ്ങനെ വര്‍ഗീയ പ്രചരണം നടത്തി വിജയിക്കുമെന്നും പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചതുപോലെയുള്ള ഒരു ലഘുലേഖയും താന്‍ ഇറക്കിയിട്ടില്ലെന്നും കെ.എം ഷാജി പ്രതികരിച്ചിരുന്നു.
വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതിയാണ് അയോഗ്യനാക്കിയത്. അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജിയുടെ എതിരാളിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.