ഭക്തരെ തടഞ്ഞാല്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടാകും: എം.ടി രമേശ്

ശബരിലയിലേക്കു പോകുന്ന ഭക്തരെ ചെക്ക് പോസ്റ്റുകള്‍ തയ്യാറാക്കി പോലീസ് തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഭക്തരെ തടഞ്ഞാല്‍ അത് വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും അത് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതായി വരും.

അയ്യപ്പനെ ബന്ദിയാക്കി സര്‍ക്കാരിന്റെ ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തില്‍ അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണെന്നും എം.ടി രമേശ് പറഞ്ഞു. അപകടകരമായ കാര്യമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ അതിനുള്ള ഉത്തരവാദി സംസ്ഥാന സര്‍ക്കാരായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുവെന്നും എം.ടി രമേശ് പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയുമെന്ന് യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവും പറഞ്ഞിരുന്നു. ആചാരം ലംഘിക്കാനുള്ള സര്‍ക്കാര്‍ നീക്കം നടക്കില്ലെന്നും യുവതികളെ തടയുമെന്നും യുവമോര്‍ച്ച പറഞ്ഞിരുന്നു. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കൂ.

error: Content is protected !!