ജോർജ്ജ് എം. തോമസിന്‍റെ മിച്ചഭൂമി കയ്യേറ്റത്തെ ന്യായീകരിച്ച് ലാന്‍റ് ബോർ‍ഡ് അംഗം

തിരുവമ്പാടി എംഎല്‍എ  ജോർജ്ജ് എം. തോമസിന്‍റെ മിച്ചഭൂമി കയ്യേറ്റത്തെ ന്യായീകരിച്ച് ലാന്‍റ് ബോർ‍ഡ് അംഗം. എംഎല്‍എയ്ക്ക് എതിരായ പരാതി ഈ മാസം 27ന് പരിഗണിക്കാനിരിക്കെയാണ് പരസ്യ പിന്തുണയുമായി ലാന്‍റ് ബോര്‍ഡ് അംഗം ഇ. രമേശ് ബാബു രംഗത്തെത്തിയത്. എംഎൽഎയ്ക്ക് അനുകൂലമായി സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്‍റെ ഉദ്ഘാടകനായിരുന്നു രമേശ് ബാബു.

നിയമം ലംഘിച്ച് ജോര്‍ജ്ജ് എം. തോമസ് എംഎല്‍എയും സഹോദരങ്ങളും 16.4 ഏക്കര്‍ മിച്ചഭൂമി കൈവശം വച്ചിരിക്കുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് എംഎൽഎയ്ക്ക് എതിരെ ഉണ്ടായത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എംഎൽഎയുടെ ഓഫീസിലേക്കും കൈവശഭൂമിയിലേക്കും പ്രതിഷേധ പ്രകടനവും നടന്നു. ഇതിന് പിന്നാലെ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എംഎൽഎയെ പരസ്യമായി പിന്തുണച്ച് കോഴിക്കോട് താലൂക്ക് ലാന്‍റ്  ബോര്‍ഡ് അംഗം ഇ രമേശ് ബാബു രംഗത്തെത്തിയത്.

എംഎൽഎയ്ക്ക് എതിരായ കേസ് അനന്തമായി നീളുന്നതിന് പിന്നിൽ ലാന്‍റ്  ബോർഡിനുള്ളിൽ നിന്നുള്ള രാഷ്ട്രീയ പിന്തുണയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ മാസം 27ന് ലാന്‍റ്  ബോര്‍ഡിന് മുന്നിൽ ഹാജരാവാൻ എംഎൽഎയ്ക്കും സഹോദരങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് വരാനിരിക്കുന്ന വിചാരണയിലും എംഎൽഎ സുരക്ഷിതനായിരിക്കുമെന്ന സൂചന നൽകി ലാന്‍റ്  ബോര്‍ഡ് അംഗം രംഗത്തെത്തിയത്.

error: Content is protected !!