കിട്ടാക്കടം തിരിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്:കെ‌ടി. ജലീല്‍

ബന്ധുനിയമന വിവാദത്തില്‍ ലീഗിനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതാണ് ലീഗിന്റെ പ്രകോപനത്തിന് കാരണമെന്ന് മന്ത്രി കെ ടി ജലീല്‍ ആരോപിച്ചു. സഹകരണ ബാങ്കിലെ സെക്രട്ടറിയായിരുന്ന വ്യക്തിയെ കോർപറേഷനിൽ എംഡിയായി നിയമിച്ച ചരിത്രമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്റർവ്യൂവിന് വന്ന ഏഴ് പേരിൽ യോഗ്യത ഉണ്ടായിരുന്നത് അദീപിന് മാത്രമെന്നും അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്ന് കെ ടി ജലീല്‍ വ്യക്തമാക്കി. പരസ്യം നൽകിയത് ജനറൽ മാനേജരുടെ യോഗ്യത പുനർ നിശ്ചയിച്ച് ഒരാഴ്ചയ്ക്കകമാണെന്നും കെ ടി ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

യോഗ്യതയുള്ളവര്‍ എത്താത്തത് കൊണ്ടാണ് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ജനറല്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തിയത് പത്ര പരസ്യം നല്‍കിയാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘എല്ലാ പ്രധാന പത്രങ്ങളിലും പരസ്യം നല്‍കിയിരുന്നു. ചന്ദ്രികയിലും ഇതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കിയിട്ടുണ്ട്. ഫിറോസ് ചന്ദ്രിക വായിക്കുന്നതു കൊണ്ടാണ് ചന്ദ്രികയുടെ പേര് എടുത്തു പറഞ്ഞത്. ചുരുങ്ങിയ പക്ഷം ചന്ദ്രികയെങ്കിലും യൂത്ത് ലീഗുകാര്‍ വായിക്കണം. യൂത്ത് ലീഗ് കാര്യബോധമില്ലാത്തതു കൊണ്ടാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും’ മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ തിരിച്ചു പിടിക്കാനാണ് ജനറല്‍ മാനേജറെ നിയമിച്ചത്. വായ്പകള്‍ തിരിച്ചടക്കാത്തത് ഭൂരിഭാഗവും ലീഗുകാരാണ്. ഇതു തിരിച്ചു പിടിക്കാന്‍ തുടങ്ങിയതോടെയാണ് ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. ഇന്ന് ബാങ്കിംഗ് സെക്ടറില്‍ ബി.ടെക് ഡിഗ്രി സര്‍വ സാധാരണമാണ്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ വരെ ബി.ടെകുകാരനാണ്. സിവില്‍ സര്‍വീസില്‍ ഇരിക്കുന്ന പലരും ബി.ടെകുകാരാണെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!