സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാമെന്ന് പൊലീസ്; ശബരിമലയില്‍ എത്തിക്കണമെന്ന് കെ.പി. ശശികല

സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന പൊലീസ് ഉപാധി അംഗീകരിക്കില്ലെന്ന് ശബരിമല സന്ദര്‍ശനത്തിനിടെ പൊലീസിന്‍റെ കരുതല്‍ തടവിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ശബരിമലയിൽ തിരികെ എത്തിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നതായും ശശികല പൊലീസിനെ അറിയിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലാണ് ശശികല ഇപ്പോള്‍ ഉള്ളത്. സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. നിരവധി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്. സ്റ്റേഷനകത്ത് ശശികല ഉപവാസം നടത്തി വരികയാണ്.
അതേസമയം ശശികലയെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹർത്താൽ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് അവരെ മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കിയിട്ടും ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചിരുന്നു.
കരുതല്‍ തടവിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഭാര്‍ഗവറാമിനെ വിട്ടയച്ചു. ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിലെടുത്തിരുന്നു. ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.