ആചാരങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കെ.പി ശങ്കര്‍ദാസ്

താന്‍ ശബരിമല ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കേറിയെന്ന വിവാദത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ചടങ്ങിന്‍റെ ഭാഗമായാണ് പതിനെട്ടാം പടി കയറിയതെന്നും ആചാരവും ചടങ്ങും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന്‍റെ ഭാഗമായി ആരും ഇരുമുടിക്കെട്ടില്ലാതെയാണ് പടി ചവിട്ടിയത്. ദേവസ്വം അംഗമെന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിനാലാണ് അവിടെ പങ്കെടുത്തത്. നേരത്തെ മലചവിട്ടിയപ്പോള്‍ ഇരുമുടിക്കെട്ടുമായാണ് പടി കയറിയത്. ഇത് ഞാന്‍ ദര്‍ശനത്തിനായി പടികയറിയതല്ലെന്നും ചടങ്ങിന്‍റെ ഭാമായാണെന്നും ശങ്കര്‍ദാസ് ആവര്‍ത്തിച്ചു.
ആചാര ലംഘനമുണ്ടായെങ്കിൽ പരിഹാരക്രിയ ചെയ്യാൻ തയ്യാറാണ്. കഴിഞ്ഞ ദിവസം സന്നിധാനത്ത് മുറികൾ ലഭ്യമാക്കാത്തത് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ്. പമ്പയിലും സന്നിധാനത്തും പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുവാദമില്ല. അതിനാല്‍ പരിമിതമായ സൗകര്യങ്ങളില്‍ എല്ലാവര്‍ക്കും താമസമൊരുക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിലെ സ്റ്റാന്റിങ് കൗൺസലിനെ മാറ്റുന്ന കാര്യം ഇന്ന് ചർച്ച ചെയ്യും. യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാട് ആണോ കോടതിയിൽ സ്വീകരിക്കുന്നതെന്ന് ഇന്നത്തെ യോഗത്തിന് ശേഷം പറയാമെന്നും അദ്ദേഹം യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.