ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി തന്നെ വിളിച്ചുവെന്ന് സമ്മതിച്ച് ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ തന്ത്രി രാജീവര് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി വിളിച്ചുവെന്ന് സമ്മതിക്കുന്നു. കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ തന്ത്രി തന്നെ വിളിച്ചുവെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതോടെ ശനിയാഴ്ച ഈ നിലപാടില്‍ നിന്ന് അദ്ദേഹം മലക്കം മറിയുകയായിരുന്നു. അതിനിടെയാണ് ഹൈക്കോടതിയില്‍ പ്രസംഗത്തിന്റെ സി.ഡി.ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
ശബരിമല തന്ത്രി തന്നെ വിളിച്ചുവെന്ന് കോഴിക്കോട് ചേര്‍ന്ന യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിക്കവെയാണ് ശ്രീധരന്‍പിള്ള തുറന്നുപറഞ്ഞിരുന്നത്. എന്നാല്‍ ശനിയാഴ്ച ഇതു തിരുത്തുകയായിരുന്നു. ശബരിമല വിഷയത്തില്‍ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് ശനിയാഴ്ച മാറ്റിപ്പറഞ്ഞത്.
യുവമോര്‍ച്ച വേദിയിലെ പ്രസംഗത്തിന്റെ പേരില്‍ പിള്ളയ്‌ക്കെതിരെ ഐ.പി.സി 505(1)ബി പ്രകാരം കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സ്ത്രീപ്രവേശന വിഷയത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയുണ്ടെന്നും തിരുമേനി ഒറ്റക്കല്ലെന്നും താന്‍ തന്ത്രിയോട് പറഞ്ഞതായും ശ്രീധരന്‍ പിള്ള ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നുണ്ട്.