കെ.എം ഷാജിക്ക് തിരിച്ചടിയായത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും മൊഴികള്‍

ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പ് ഹരജിയില്‍ കെ.എം ഷാജിക്ക് തിരിച്ചടിയായത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും നല്കിയ മൊഴികള്‍. പരാതി ഉയര്‍ന്നിട്ടും മതത്തെ വോട്ടിനായി ഉപയോഗിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ മണ്ഡലത്തില്‍ വിതരണം നടത്തിയെന്ന കണ്ടെത്തലും ഷാജിക്ക് വിനയായി.

മതത്തെ വോട്ടിനായി ഉപയോഗിക്കുന്ന ലഘുലേഖയെക്കുറിച്ച തനിക്ക് അറിയില്ലെന്ന ഷാജിയുടെ വാദം നിലനില്‍ക്കായതോടെയാണ് ഈ കേസ് തിരിച്ചടിയായത്. സ്ഥാനാര്‍ത്ഥി പറഞ്ഞാലും ഏജന്റിന്റെ സമ്മതമുണ്ടെങ്കിൽ സ്ഥാനാർഥിയും തെരഞ്ഞെടുപ്പ് ക്രമക്കേടിന് ഉത്തരവാദിയാണെന്നാണ് കോടതി പറഞ്ഞത്. സ്ഥാനാർഥിയുടെ സമ്മതത്തോടെയാണ് ഏജന്റിനെ നിയമിക്കുന്നത്. പരാതിയെ തുടർന്ന് യു.ഡി.എഫുകാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്നും യു.ഡി.എഫ് പ്രവർത്തകരിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് അധികൃതർ 2016 മെയ് 12ന് കാരണം കാണിക്കൽ നോട്ടീസും നൽകി. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിലും വിതരണം നടന്നിട്ടുണ്ട്. തനിക്ക് വേണ്ടി പ്രവർത്തനം നടത്താൻ പ്രവർത്തകർക്ക് അനുമതി നൽകിയിട്ടുള്ളത് സ്ഥാനാർഥിയും ഏജൻറുമാണ്. ഏജന്റിന് തുല്യമായ പരിഗണന പ്രവർത്തകർക്കുമുണ്ട്.

അതിനാൽ ഇവരെ ഏജൻറുമാർ എന്ന് പറയാവുന്നതാണ്. ഈ സാഹചര്യത്തിൽ പ്രവർത്തകരുടെ ചെയ്തികളുടെ ഉത്തരവാദിത്തം സ്ഥാനാർഥിക്കും ഏജന്റിനും ഒഴിഞ്ഞു മാറാനാവില്ല. ലഘുലേഖ യു.ഡി.എഫ് പ്രവർത്തകരായ ചിലർ വീട്ടിലെത്തിച്ച് നൽകിയതായി രണ്ട് വോട്ടർമാർ മൊഴി നൽകിയിട്ടുണ്ട്. ഇത് എതിർ സ്ഥാനാർഥിയോട് മാനസികമായ അകൽച്ചയുണ്ടാക്കിയതായും വെളിപ്പെടുത്തലുണ്ട്. കെ.എം ഷാജി ഹാജരാക്കിയ സാക്ഷിയുടെ മൊഴിയും പരസ്പര വിരുദ്ധമാണ്. ഇവർ വസ്തുതകൾ ഒളിച്ചുവെക്കുകയും പർവതീകരിച്ച് പറയുകയും ചെയ്യുന്നുണ്ടെന്നുമുള്ള കോടതിയുടെ കണ്ടെത്തലാണ് ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

error: Content is protected !!