മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കെ സുധാകരന്‍

മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. ചിത്തിര ആട്ടവിശേഷകാലത്ത് പൊലീസിന് സന്നിധാനത്ത് നിയന്ത്രണം ഇല്ലാത്തത് കേരളം കണ്ടതാണ്. പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് ഭക്തരെ കയറ്റിവിടുന്ന അവസ്ഥ വരെ ഉണ്ടായി. അയ്യപ്പനെ കാണാൻ വ്രതാനുഷ്ഠനം നിർബന്ധമാണ്. ആ ആചാരങ്ങൾ തെറ്റിക്കാൻ കഴിയില്ല എന്ന് സുധാകരന്‍ കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ പ്രായോഗികമായ നിലപാട് സ്വീകരിക്കണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സ്വാതന്ത്യത്തോടെ പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. ഇനി വരാൻ പോകുന്ന മണ്ഡല കാലത്തേക്ക് എങ്കിലും മുഖ്യമന്ത്രി
യുക്തിപരമായ സമീപനം സ്വീകരികണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.

റിവ്യൂ ഹര്‍ജി എതിരായാലും പ്രതിഷേധം തുടരുമെന്നും കെ സുധാകരന്‍ പറഞ്ഞു. വേണ്ടിവന്നാൽ സമരത്തിന്‍റെ രീതിയും രൂപവും മാറ്റും, സമരമുഖത്ത് ഉണ്ടാകും. ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്, മറിച്ച് എല്ലാ ആരാധനാലയങ്ങളേയും ബാധിക്കും. ശബരിമലയിൽ ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയത് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം നടപ്പാക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. ശബരിമല വിഷയം ഉയർത്തി ബിജെപിയെ എതിർത്തു എന്ന പ്രതീതി ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വത്സന്‍ തില്ലങ്കേരിയുടെ നടപടികള്‍ തെറ്റാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!