തോമസ് ചാണ്ടിയ്ക്ക് തിരിച്ചടി; ലേക് പാലസിന്‍റെ പാർക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ശരിവച്ചു

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് മുമ്പിൽ നിലം നികത്തി അനധികൃതമായി നിർമിച്ച പാർക്കിംഗ് ഏരിയ പൊളിച്ചു നീക്കണമെന്ന മുൻ കളക്ടർ ടി.വി. അനുപമയുടെ ഉത്തരവ് സർക്കാർ ശരിവച്ചു. ഇതിനെതിരായ തോമസ് ചാണ്ടിയുടെ അപ്പീൽ കൃഷി വകുപ്പ് തള്ളി.
ടി.വി. അനുപമയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി ആദ്യം പോയത് ഹൈക്കോടതിയിലേക്കാണ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് തോമസ് ചാണ്ടി കൃഷി വകുപ്പിന് മുന്നിൽ അപ്പീലുമായി പോയത്.
എന്നാൽ ടി.വി.അനുപമ നടത്തിയ ഹിയറിംഗും മറ്റ് നടപടിക്രമങ്ങളും പരിശോധിച്ച കൃഷിവകുപ്പ് നിർമാണം ചട്ടവിരുദ്ധം തന്നെയെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മുൻ കളക്ടറുടെ ഉത്തരവ് ശരിവച്ച്, തോമസ് ചാണ്ടിയുടെ അപ്പീൽ തള്ളിയത്.
തോമസ്ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെയും സുബ്രഹ്മണ്യ അയ്യരുടെയും പേരിലുള്ള മുക്കാല്‍ ഏക്കറോളം നിലമാണ് ചട്ടം ലംഘിച്ച് അന്നത്തെ കലക്ടറുടെ സഹായത്തോടെ നികത്തിയെടുത്ത് പാര്‍ക്കിംഗും അപ്രോച്ച് റോഡും ആക്കിയത്.
ഒടുവില്‍ മാസങ്ങളോളം നീണ്ട തെളിവെടുപ്പിനും നിയമനടപടികള്‍ക്കുമൊടുവില്‍ നികത്തിയെടുത്ത നെല്‍വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കളക്ടർ ഉത്തരവിടുകയായിരുന്നു. തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടിയാണ് നികത്തെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങള്‍ 21 പേജ് വരുന്ന ഈ ഉത്തരവിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം പറഞ്ഞു വയ്‍ക്കുന്നു. കരുവേലി പാടശേഖരത്തില്‍ നെല്‍കൃഷിക്കായി വെള്ളം കൊണ്ടുപോകാനുളള ചാലു കെട്ടുന്നതിന്‍റെ മറവിലും പുറംബണ്ട് ബലപ്പെടുത്തുന്നതിന്‍റെ മറവിലുമാണ് ഈ അനധികൃത നികത്തും അനധികൃത നിര്‍മ്മാണവും ലേക് പാലസ് റിസോര്‍ട്ട് കമ്പനി നടത്തിയത്.