ഹർത്താൽ ഏറെ വലച്ചത് അയ്യപ്പ ഭക്തരെ തന്നെ

ആചാര സംരക്ഷണത്തിന്‍റെ പേരിൽ നടന്ന ഹർത്താൽ ഏറെ വലച്ചത് അയ്യപ്പ ഭക്തരെ തന്നെയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ബസ്സ്റ്റാന്‍റുകളിലും റെയിൽവേ സ്റ്റേഷനുകളിലും കുടുങ്ങി.  നേരത്തെ ഹർത്താൽ ദിവസങ്ങളിൽ വാഹനമിറക്കിയപ്പോൾ നേരിട്ട കോടികളുടെ  നഷ്ടം കണക്കിലെടുത്താണ് ബസുകൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു.

ഇന്നലെ രാത്രി വൈകി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ ശബരിമലക്ക് തിരിച്ച തീർത്ഥാടകർ വഴിയിൽ കുടുങ്ങി. കെ എസ് ആർ ടി സർവ്വീസ് നിർത്തിയതോടെ  പ്രതിസന്ധി രൂക്ഷമായി. പമ്പയിലേക്ക് സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും പൊലീസ് സംരക്ഷണം ക്യത്യമായി കിട്ടാത്തത് മൂലം പലയിടത്തും ബസെടുക്കാൻ കെ എസ് ആർ ടി സി തയ്യാറായില്ല. തിരുവനന്തപുരത്ത് തമ്പാനൂരിൽ തീർത്ഥാടകർ ബഹളമുണ്ടാക്കി.

ബസുകൾ  കോൺവോയ്സ അടിസ്ഥാനത്തിലായിരുന്നു എരുമേലിയിൽ നിന്ന് പമ്പയിലേക്ക് സർവ്വീസ് നടത്തിയത്. ബസിനായി തീർത്ഥാടകർ എരുമേലിയിൽ മാത്രം, മണിക്കൂറുകളാണ് കാത്ത് നിന്നത്. കോട്ടയം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയ ഇതര സംസ്ഥാന തീർത്ഥാടകരും വലഞ്ഞു. ഹോട്ടലുകളും മറ്റ് കടകളും തുറന്ന് പ്രവർത്തിക്കാത്തതും തീർത്ഥാടകരെ ബുദ്ധിമുട്ടിച്ചു.

error: Content is protected !!