അണയാതെ തീനാളങ്ങള്‍; കെട്ടിടം കത്തി തീരാനായി കാത്തിരിപ്പ്

കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെ വൈകീട്ട് ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ രാത്രി പന്ത്രണ്ട് മണിയായിട്ടും നിയന്ത്രണവിധേയമായിരുന്നില്ല.   ഒരു രാത്രി മുഴുവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ അഗ്നിബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. രണ്ട് പേര്‍ക്ക് വിഷപുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളൊഴിച്ചാല്‍ മറ്റ് ആര്‍ക്കും തന്നെ പരിക്കുകളില്ല.

നാലു നില കെട്ടിട്ടവും അതിനകത്തുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പൂര്‍ണമായും കത്തി തീരുകയായിരുന്നു. കെട്ടിട്ടത്തില്‍ പ്രവേശിച്ച് തീയണയ്ക്കാന്‍ സാധിക്കില്ലെന്നും കെട്ടിട്ടവും അതിലെ വസ്തുകളും കത്തി തീരുന്നതു വരെ കാത്തിരിക്കുകയേ വഴിയുള്ളൂവെന്നും സ്ഥലത്ത് ക്യാംപ് ചെയ്യുന്ന മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നേരത്തെ അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പേരേയും ഒഴിവാക്കിയിട്ടുണ്ടെന്നും ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

അഗ്നിബാധ കെടുത്തുക പ്രായോഗികമല്ലെന്നും തീ സമീപമേഖലകളിലേക്ക് പടരുന്നത് തടയുന്നതിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതും ഫയര്‍ഫോഴ്സ്-പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. മുന്‍കരുതലെന്ന നിലയില്‍ നിന്നും പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് ചുറ്റുപാടും നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രധാന റോഡില്‍ നിന്നും വളരെ മാറിയാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ക്ക് ഇവിടേക്ക് എത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു.

കത്തിക്കൊണ്ടിരിക്കുന്ന ഫാക്ടറി വളഞ്ഞു കൊണ്ട് ഫയര്‍ഫോഴ്സ് തുടര്‍ച്ചയായി വെള്ളം ചീറ്റിക്കുകയായിരുന്നു.ഫാക്ടറിക്ക് അകത്തുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കത്തി തുടങ്ങിയതോടെ വന്‍തോതില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം വമിച്ചു.

അതിനാല്‍ തന്നെ അധികനേരം രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇവിടെ തുടരാന്‍ സാധിച്ചില്ല. കഴിഞ്ഞ രാത്രി മുഴുവന്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിയതിനാല്‍, അത് പൊതുജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കെട്ടിടത്തിനുള്ളില്‍ തുടര്‍സ്ഫോടനങ്ങള്‍ ഉണ്ടായത് കൂടുതല്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.
ഇപ്പോഴുണ്ടായ അഗ്നിബാധ മൂലം അഞ്ഞൂറ് കോടിയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഫാമിലി പ്ലാസ്റ്റിക്സിന്‍റെ ഉടമകളിലൊരാള്‍ പറയുന്നത്. അഗ്നിബാധ അടുത്ത കെട്ടിട്ടത്തിലേക്ക് കൂടി പടരുകയാണെങ്കില്‍ വലിയ ദുരന്തമായി അതു മാറുമെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു.

 

error: Content is protected !!