പി.കെ.ശശിക്കെതിരെ പെണ്‍കുട്ടി വീണ്ടും പരാതി നല്‍കി

പി.കെ.ശശിയുടെ വിവാദ ഓഡിയോ ഉൾപ്പെടുത്തി വീണ്ടും സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതിക്കാരിയുടെ കത്ത്. ‘ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാൽ താങ്കൾക്ക് ബോധ്യപ്പെടും’ – എന്നാണ് പരാതിക്കാരി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അയച്ച ഇ-മെയിലിൽ പറയുന്നത്.

ശശിയ്ക്കെതിരായ അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്ന് തനിക്കു സംശയമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. തന്നെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പല തവണ ശ്രമമുണ്ടായി. പി.കെ.ശശി ഇപ്പോഴും പാർട്ടിയിൽ സജീവമെന്നും അന്വേഷണകമ്മീഷൻ അംഗങ്ങളുമായി വേദി പങ്കിടുന്നെന്നും പരാതിക്കാരി കത്തിൽ പറയുന്നു. അന്വേഷണകമ്മീഷൻ റിപ്പോർട്ട് വൈകിക്കാൻ ശ്രമമെന്നും ഡിവൈഎഫ്ഐ വനിതാനേതാവിന്‍റെ കത്തിലുണ്ട്.

കമ്മീഷന്‍ അംഗമായ കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതായും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ഇതിന്റെ ഫോട്ടോകള്‍ പോസ്റ്ററുകളായി ജില്ലയില്‍ ഉടനീളം പതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ സംശയാസ്പദമാണെന്ന് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു.

error: Content is protected !!