മദ്യപിച്ച് വാഹനം ഓടിച്ചു; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ഡ്രൈവര്‍ ചാലക്കുടി സ്വദേശി ജോസ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെയാണ് ഇടിച്ച് തെറിപ്പിച്ചത്. നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തു മണിയോടെ ചാലക്കുടി ടൗണിലാണ് സംഭവം. ആനമല ജംഗ്ഷൻ മുതൽ നോർത്ത് ജംഗ്‌ഷൻ വരെയാണ് ജോസിന്റെ കാർ നിയന്ത്രണമില്ലാതെ പായുകയായിരുന്നു. മുന്നിൽ ഓടിയിരുന്ന ബൈക്ക് ആദ്യം ഇടിച്ചു തെറിപ്പിച്ചു. ബൈക്ക് യാത്രികരായ ലിജോ, ഭാര്യ അനു, മകൻ അലൻ എന്നിവർ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അനു ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

തുടര്‍ന്ന് ചാലക്കുടി സ്വദേശിയായ സതീഷ് ഓടിച്ച ഓട്ടോറിക്ഷയിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍  മൂന്ന് തവണ മറിഞ്ഞാണ് ഓട്ടോറിക്ഷ വീണത്. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാർ ജോസിനെ കയ്യേറ്റം ചെയ്യുകയും കാര്‍ തല്ലി പൊളിക്കുകയും ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം ജോസ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്.

error: Content is protected !!