ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍; നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

തിരുവതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ യോഗം വിലയിരുത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലും തന്ത്രി കണ്ഠരര് രാജീവരരിൽ നിന്ന് വിഷയത്തില്‍ വിശദീകരണം തേടിയതും യോഗത്തിൽ ചർച്ചയാകും.

തന്ത്രിയിൽ നിന്ന് വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തെത്തുന്നത് തടയാനാനായി നടയടയ്ക്കുന്നതു സംബന്ധിച്ച് കണ്ഠരര് രാജീവരര് താനുമായി ചര്‍ച്ച നടത്തിയിരുന്നെന്ന പിഎസ് ശ്രീധരന്‍ പിളളയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നടപടികള്‍.

തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടര്‍നടപടികളെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.  യുവതീ പ്രവേശനത്തിനെതിരെ പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തിലടക്കം രാഷ്ട്രീയമുണ്ടോയെന്നും ദേവസ്വം ബോര്‍ഡ് സംശയിക്കുന്നുണ്ട്.

ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്‍റ് എ. പത്മകുമാര്‍ പറഞ്ഞു.

തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയെയും അതിന്‍റെ സംസ്ഥാന അധ്യക്ഷനെയും ആണെന്നും നടയടയ്ക്കുന്ന കാര്യത്തില്‍ താന്‍ നല്‍കിയ വാക്കാണ് ദൃ‍ഡ‍മായ തീരുമാനമെടുക്കാന്‍ തന്ത്രിക്ക് ശക്തി നല്‍കിയത് എന്നുമായിരുന്നു യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍ പിളളയുടെ പ്രസംഗം.

error: Content is protected !!