കാസര്‍ഗോഡ് സിപിഐ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

കാസര്‍ഗോഡ് സിപിഐ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ കുറ്റിക്കോല്‍ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി പി പി ചാക്കോയെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം സിപിഐ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കുറ്റിക്കോലില്‍ സിപിഐ പഞ്ചായത്തംഗം നിര്‍മ്മലാ കുമാരി കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. സിപിഐയെ അറിയിക്കാതെയായിരുന്നു മാറ്റം. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനായി സിപിഐ പ്രദേശിക നേതൃത്വം നിര്‍മ്മലയെ കാണാനെത്തി. ഇതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് പരാതി.

പണ്ട് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് താനെന്നും ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നുവെന്നും ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പിന്നീട് സിപിഐയിലേക്ക് വരുകയായിരുന്നു. അതില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ആക്രമിക്കാന്‍ എന്തെങ്കിലും കാരണം നോക്കിയിരിക്കുകയായിരുന്നു അവരെന്നും ചാക്കോ പറയുന്നു.

തലയ്ക്ക് മുറിവേറ്റ ചാക്കോ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സിപിഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും ആക്രമിച്ചിട്ടില്ലെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്. ചാക്കോയുടെ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് ഒത്തു തീര്‍പ്പാക്കാനും നീക്കമുണ്ട്.

error: Content is protected !!