ശബരിമലയില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ പരിമിതം; തീര്‍ത്ഥാടകര്‍ വലയും
ഇത്തവണ മണ്ഡലകാലത്ത് ശബരിമലയില്‍ പരിമിതമായ മെഡിക്കല്‍ സൗകര്യങ്ങളെ ഉണ്ടാകൂ. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ പ്രധാന ആശുപത്രിയുടെ അറ്റകുറ്റപ്പണി ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. സന്നിധാനത്തും നിലയ്ക്കലും ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും തീര്‍ത്ഥാടകരെ വലയ്ക്കും.
മണ്ഡലകാലം തുടങ്ങാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണ്. പ്രളയമെടുത്ത സ്ട്രെച്ചറുകളും കിടക്കകളും ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്നു. താഴത്തെ നിലയില്‍ തറയില്‍ ടൈല്‍സ് പാകി തീര്‍ത്തിന്നിട്ടില്ല. ശൗചാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതേയുള്ളൂ. കാനനപാതിയില്‍ അയ്യപ്പഭക്തര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവുമധികം ആശ്രയമാകുന്ന ആശുപത്രിയായിരുന്നു ഇത്.
പമ്പാ ആശുപത്രി മണ്ഡലകാലം തുടങ്ങി 20 ദിവത്തിന് ശേഷമേ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കൂ. സന്നിധാനത്തെ ആശുപത്രിയില്‍ 20 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേയുള്ളൂ. പക്ഷേ മറ്റ് ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. ഇത്തവണ പ്രധാന ബേസ് ക്യാമ്പാകുന്ന നിലയ്ക്കലിലെ ആശുപത്രിയില്‍ അധികമായി ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും കാര്‍ഡിയാക് എക്സറേ ഓപ്പറേഷൻ സംവിധാനങ്ങളൊന്നുമില്ല.