വരാന്‍ പോകുന്നത് ബി‌ജെ‌പിക്കെതിരായ ബദല്‍: എന്‍. ചന്ദ്രബാബു നായിഡു

വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ടി.ഡി.പി തലവന്‍ എന്‍. ചന്ദ്രബാബു നായിഡു. രാജ്യത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കുകയെന്നതാണ് തങ്ങളുടെ കടമയെന്നും ഇതിനായി ബി.ജെ.പിക്കെതിരായ ബദലാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞു.

ജനാധിപത്യ സ്ഥാപനങ്ങളായിരുന്ന സി.ബി.ഐയും ആര്‍.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റും ബി.ജെ.പി കൈവശപ്പെടുത്തിയിരിക്കുകയാണ്. ഈ കടന്നുകയറ്റം ഒരു തരത്തിലും ഇനി അംഗീകരിക്കാനാവില്ല. ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ നരേന്ദ്രമോദിയുടെ ഇടപെടലോടെ തകര്‍ന്നു. മോദി ഭരണത്തിന് കീഴില്‍ രാജ്യം അധ:പതിച്ചു കഴിഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട സ്ഥാനങ്ങളിലെല്ലാം സ്വന്തം ആളുകളെ കുത്തിനിറച്ച് അഴിമതിക്ക് വഴിയൊരുക്കുകയാണ് ബി.ജെ.പി. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ പാടെ തകിടംമറിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനവും എല്ലാ വാഗ്ദാനം പോലെ മോദി പാലിച്ചില്ല.

റാഫേലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കേന്ദ്രം ഇപ്പോഴും തയ്യാറായിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും മോദി തയ്യാറായിട്ടില്ല. എന്താണ് റാഫേലിന് പിന്നിലെ രഹസ്യമെന്ന് മോദിയെ കൊണ്ട് തന്നെ പറയിപ്പിക്കണം.

ഇത്തരം അഴിമതികള്‍ക്കെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തും. അതാണ് ഞങ്ങളുടെ ലക്ഷ്യം. ബി.ജെ.പിക്കെതിരായ ബദലാണ് ഇനി ഉയര്‍ന്നുരവാന്‍ പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാന്‍ ഇനി ബി.ജെ.പിയെ അനുവദിക്കില്ല. അതിനായി ശക്തമായ പ്രതിപക്ഷമായി ഞങ്ങള്‍ ഉയര്‍ന്നിരിക്കും- ചന്ദ്രബാബു നായിഡു പറഞ്ഞു.

You may have missed

error: Content is protected !!