ശ്രീധരന്‍ പിള്ളയ്ക്കും തന്ത്രിയ്ക്കുമെതിരായ കോടതിയലക്ഷ്യം: തീരുമാനമെടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്മാറി

ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്ക് എതിരായ കോടതി അലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി. ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠര് രാജീവര്, രാമ രാജ വര്‍മ്മ, മുരളീധരന്‍ ഉണ്ണിത്താന്‍, കൊല്ലം തുളസി എന്നിവര്‍ക്കെതിരെയാണ് കോടതി അലക്ഷ്യ നടപടിക്ക് ഉള്ള അപേക്ഷ.

പിന്മാറ്റത്തിനുള്ള കാരണം വ്യക്തമല്ല. അറ്റോര്‍ണി ജനറലാകുന്നതിനു മുമ്പ് നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അദ്ദേഹം ഹാജരായിരുന്നു. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു അദ്ദേഹം കോടതിയില്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോഴത്തെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.

കോടതി അലക്ഷ്യ നടപടിക്ക് ഉള്ള അനുമതി തേടി ഗീന കുമാരി, എ.വി വര്‍ഷ എന്നിവര്‍ നല്‍കിയ അപേക്ഷ കെ.കെ വേണുഗോപാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്ന് തുഷാര്‍ മേത്ത അറിയിച്ചു.

നേരത്തെ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി ന്യായത്തെ പിന്തുണച്ച് അറ്റോര്‍ണി ജനറല്‍ രംഗത്തുവന്നിരുന്നു. താന്‍ നേരിട്ട ഈ കേസില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായിരുന്നുവെന്നും വ്യക്തിപരമായി താന്‍ ഇന്ദു മല്‍ഹോത്രയുടെ നിലപാടിനൊപ്പമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

error: Content is protected !!