ഹര്‍ത്താല്‍: കൊല്ലത്ത് പ്രതിഷേധക്കാര്‍ ആംബുലന്‍സും തടഞ്ഞു

ശശികലയുടെ അറസ്റ്റിനെതിരെയുള്ള ഹിന്ദു ഐക്യവേദിയുടെ അപ്രതീക്ഷിത ഹര്‍ത്താലില്‍ കൊല്ലത്ത് പ്രതിഷേധക്കാര്‍ ആംബുലന്‍സുകളും തടഞ്ഞു. ഇനിയും തടയുകയാണെങ്കില്‍ സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞതായി കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

ഹര്‍ത്താലായതിനാല്‍ ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ സാധിച്ചിരുന്നില്ല. ജീവനക്കാരെത്താത്തത് ആശുപത്രികളുടെ പ്രവര്‍‌ത്തനത്തെ ബാധിക്കാതിരിക്കാന്‍ ജീവനക്കാരുമായി വരികയായിരുന്നു ആംബുലന്‍സെന്ന് കൊല്ലത്ത് തടഞ്ഞ ആംബുലന്‍സിന്റെ ഡ്രൈവര്‍ പറഞ്ഞു. ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധക്കാര്‍ റോഡില്‍ കിടക്കുകയായിരുന്നു. ഇതുവരെ ഹര്‍ത്താലുകളില്‍ ആംബുലന്‍സിനെതിരെ പ്രതിഷേധമുണ്ടായിരുന്നില്ല.

ആംബുലന്‍സിലുണ്ടായിരുന്ന ജീവനക്കാരെ മുഴുവന്‍ പ്രതിഷേധക്കാര്‍ പിടിച്ചിറക്കി. ഡ്രൈവറെ മര്‍ദ്ദിക്കുകയും, വാഹനത്തില്‍ അടിക്കുകയും ചെയ്തു. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പോകുന്ന ജീവനക്കാരും, രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട ജീവനക്കാരും ആംബുലന്‍സിലുണ്ടായിരുന്നു. വണ്ടിയിലുണ്ടായിരുന്ന സ്ത്രീകളോട് മോശമായ രീതിയിലാണ് പ്രതിഷേധക്കാര്‍ സംസാരിച്ചതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. കൊല്ലത്ത് രണ്ടിടത്തായിട്ടാണ് അംബുലന്‍സ് തടഞ്ഞത്. പിന്നീട് പൊലീസ് എത്തിയശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

You may have missed

error: Content is protected !!