അൽഫോൺസ് കണ്ണന്താനം ഇന്ന് പമ്പയിലെത്തും; സംഘപരിവാർ നേതാക്കള്‍ സന്നിധാനത്തേക്ക്
സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരുടെ കൂട്ട അറസ്റ്റിന് പിന്നാലെ ബിജെപിയും സംഘപരിവാർ സംഘടനകളും ശബരിമല സമരം കൂടുതൽ ശക്തമാക്കുകയാണ്. ഇതിനിടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇന്ന് പമ്പയിലെത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനും ശബരിമലയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികലയും രാവിലെ സന്നിധാനത്തേക്ക് തിരിക്കും. പൊലീസ് നിയന്ത്രണം ലംഘിച്ച ബിജെപി സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികളെ ശബരിമലയിലേക്ക് എത്തിക്കാനുള്ള പുതിയ തന്ത്രം ബിജെപി മെനഞ്ഞത്.
ഇതിന്‍റെ ഭാഗമായാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ ഇന്ന് ശബരിമലയിൽ എത്തിക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്. അൽഫോൺസ് കണ്ണന്താനം ഒരു അനുമതിയും വാങ്ങാതെ ഇന്ന് പമ്പയിലേക്ക് പോകുമെന്നും തടയാമെങ്കിൽ തടയട്ടെയെന്നും ശ്രീധരൻ പിള്ള ഇന്നലെ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ആയതുകൊണ്ട് തന്നെ അൽഫോൺസ് കണ്ണന്താനത്തിന് പൊലീസ് അനുമതി ആവശ്യമില്ല. അതേസമയം നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയിലേക്ക് പാസ്സിലാതെ പോകുമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണൻ പൊലീസിനെ വെല്ലുവിളിച്ചിരുന്നു.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല രാവിലെ സന്നിധാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചെറുമകളുടെ ചോറൂണിനായാണ് ശബരിമലയിലേക്ക് പൊലീസ് നിയന്ത്രണം ലംഘിച്ച് വെള്ളിയാഴ്ച രാത്രി സന്നിധാനത്തേക്ക് പുറപ്പെട്ട് ശശികലയെ മരക്കൂട്ടത്ത് വച്ച് പൊലീസ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ശശികല ദർശനം കഴിഞ്ഞാലുടൻ മടങ്ങുമെന്നും പൊലീസിനോട് സഹകരിക്കുമെന്നും സന്നിധാനത്ത് തങ്ങില്ലെന്നും മജിസ്ട്രേറ്റിന് മുന്നിൽ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. ശശികലയെ തടയില്ലെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരാരും പാസ് വാങ്ങരുതെന്നും ബിജെപി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകർ അതത് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പാസ് വാങ്ങണമെന്നാണ് സർക്കാർ നിർദ്ദേശം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരും ദിവസങ്ങളിൽ ബിജെപി എംപിമാരെയും എംഎൽഎമാരെയും ശബരിമലയിലേക്ക് എത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ നേതാക്കളെയും പ്രവർത്തകരേയും ശബരിമലയിലേക്ക് എത്തിക്കാൻ ആർഎസ്എസ് നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലെ കൂട്ട അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ പരമാവധി നേതാക്കളെയും പ്രവർത്തകരെയും ശബരിമലയിലേക്ക് എത്തിച്ച് സമ്മർദ്ദം ശക്തമാക്കാനാണ് സംഘപരിവാറിന്‍റെ തീരുമാനം.