കണ്ണൂരില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്: ടിക്കറ്റ് ബുക്കിങ് 9നു തുടങ്ങും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ബുക്കിങ് 9നു തുടങ്ങുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നു യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ്. അബുദാബിയിലേക്കാണ് ആദ്യ സർവീസ്. അന്ന് രാവിലെ 11നു കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരിക്കുന്നത്.
യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് അബുദാബിയിലെത്തും.അന്നുതന്നെ അബുദാബിയിൽ നിന്നു കണ്ണൂരിലേക്കും സർവീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8നു കണ്ണൂരിലെത്തുന്ന തരത്തിലായിരിക്കും ഈ സർവീസ്. ദുബായിലേക്കും ഷാർജയിലേക്കും പ്രതിദിന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ടാവും. അബുദാബിയിലേക്ക് ആഴ്ചയിൽ 4 സർവീസുകളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയിൽ 3 സർവീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയിൽ 4 സർവീസുകളും റിയാദിലേക്കു 3 സർവീസുകളുമാണ് കണ്ണൂരിൽ നിന്നുണ്ടാവുക.