ട്രെയിനുകളിലെ ലേഡീസ് കോച്ചുകള്‍ നിര്‍ത്തലാക്കുന്നു
ദീർഘദൂര ട്രെയിനുകളില്‍ ലേഡീസ് കോച്ചുകള്‍ നിര്‍ത്തലാക്കുന്നു. സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ക്ക് പകരമായി ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകളില്‍ സംവരണം നല്‍കും. ഒന്നു മുതല്‍ 30 വരെയുള്ള സീറ്റുകളാണ് സ്ത്രീകള്‍ക്കായി മാറ്റി വയ്ക്കുന്നത്. സംവരണ സീറ്റുകള്‍ തിരിച്ചറിയുന്നതിനായ് സ്റ്റിക്കറുകള്‍ പതിക്കും. കോച്ചുക്ഷാമമാണ് സീറ്റ് സംവരണ രീതിയെന്ന തീരുമാനത്തിലേക്ക് റെയില്‍വേയെ എത്തിച്ചത്.
ആദ്യഘട്ടത്തിലെ ക്രമീകരണമെന്ന നിലയില്‍ തിരുവനന്തപുരം-ചെന്നൈ മെയിൽ, കൊച്ചുവേളി-ബംഗളൂരൂ ട്രെയിനുകളില്‍ സംവരണം നടപ്പിലാക്കും. പിന്നീട് മറ്റ് ട്രെയിനുകളിലും ഇത് നടപ്പിലാക്കും. ഈ രണ്ട് ട്രെയിനുകളിലും മൂന്ന് ജനറല്‍ കമ്പാകര്‍ട്ട് മെന്‍റുകളില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ സംവരണം നടപ്പാക്കിയത് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
സുരക്ഷിതത്വത്തിന് വേണ്ടിയാണ് സ്ത്രീകള്‍ക്കായി പ്രത്യേക കോച്ചുകള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കോച്ചുക്ഷാമം മൂലം സീറ്റ് സംവരണ രീതിയിലേക്ക് മാറുമ്പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷാ ഭീഷണിയും ഉണ്ടാകുന്നുണ്ട്.
എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീസംവരണ കോച്ചുകൾ ഇല്ലാതായത്. പാഴ്‌സൽവാൻ സൗകര്യമുള്ള എസ്എൽആർ (സീറ്റിങ് കം ലഗേജ് റേക്ക്) കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകൾക്ക് മാറ്റിവെച്ചിരുന്നത്. ഈ കോച്ചുകൾ പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ എൽഎച്ച്ബി കോച്ചുകളിൽ എസ്എൽആർ. സംവിധാനമില്ല.
പകരം ജനറേറ്ററും ഗാർഡ് റൂമും ചേർന്നാണ് വരുന്നത്. സ്ത്രീകൾക്ക് പ്രത്യേക കോച്ച് ഏർപ്പെടുത്തണമെങ്കിൽ ഒരു എൽഎച്ച്ബി കമ്പാർട്ട്‌മെന്റ് പൂർണമായും മാറ്റേണ്ടിവരും. ഇതിനാവശ്യമായ കോച്ചുകളില്ല. പകുതി കമ്പാർട്ട്‌മെന്റിൽ കൂടുതൽ സ്ത്രീകൾക്കായി മാറ്റിവെയ്ക്കാൻ റെയിൽവേ തയ്യാറുമല്ല.