അസമിലെ മെഡിക്കല്‍ കോളജില്‍ 9 ദിവസത്തിനിടെ മരിച്ചത് 16 കുഞ്ഞുങ്ങള്‍

മ്പത് ദിവസങ്ങള്‍ക്കിടെ അസമിലെ ജോര്‍ഹട്ട് മെഡിക്കല്‍ കോളജില്‍ 16 ശിശുമരണം. നവംബര്‍ ഒന്നു മുതല്‍ 9 വരെ ജനിച്ച 16 നവജാത ശിശുക്കളാണ് മരണപ്പെട്ടിരിക്കുന്നത്. കുറഞ്ഞ ശരീര ഭാരവുമായി ജനിച്ച കുട്ടികളാണ് മരിച്ചവരില്‍ കൂടുതലും എന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ജന്മനായുള്ള വൈകല്യം മൂലവും കുട്ടികള്‍ മരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ആശുപത്രിയിലെ നവജാത ശിശുക്കള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ച കുഞ്ഞുങ്ങള്‍. സംഭവത്തില്‍ ചികില്‍സാ പിഴവില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ അവകാശപ്പെടുന്നത്.

സംഭവത്തില്‍ അസാം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ചില സമയത്ത് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം കൂടുതല്‍ ആയിരിക്കും ആ സമയത്ത് മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും മരിച്ച കുട്ടികള്‍ക്ക് ഗര്‍ഭാവസ്ഥയിലേ തകരാറുകള്‍ ഉണ്ടായിരുന്നെന്നും ഭാരക്കുറവോടെയാണ് ജനിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

മെഡിക്കല്‍ കോളജില്‍ ജനിക്കുന്ന 40 ശിശുക്കളില്‍ 6 ശിശുക്കള്‍ മരണപ്പെടാറുണ്ടെന്ന് അധികൃതര്‍ പറയുന്നു. കുട്ടികള്‍ മരിച്ച ദിവസങ്ങളില്‍ ആകെ 84 ജനനം നടന്നിട്ടുണ്ടെന്നും അതാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്നും അധികൃതര്‍ പറഞ്ഞു.

ജോര്‍ഹട്ടിലെ ഈ ആശുപത്രി മെഡിക്കല്‍ കോളജ് പദവിയിലേക്ക് ഉയര്‍ത്തിയിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം രോഗികളെ ഇവിടെ ചികില്‍സിക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. യൂണിസെഫ് അംഗത്തെ കൂടെ ഉള്‍പ്പെടുത്തിയാണ് ഉന്നതതല സംഘം രൂപീകരിച്ചിരിക്കുന്നത്.

error: Content is protected !!