പമ്പയിൽ വനിതാ ഉദ്യോഗസ്ഥരെ തടയുന്നു; സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കില്ലെന്ന് സമരക്കാർ
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിൽ സന്നിധാനത്ത് 11 മണിയ്ക്ക് നടക്കുന്ന ശബരിമല അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. യോഗത്തിനെത്തിയ സിവിൽ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാർഡ് റൂമിന് മുന്നിൽ ‘സേവ് ശബരിമല’ എന്ന സംഘടനാപ്രവർത്തകർ തടഞ്ഞത്. സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച വനിതാ പൊലീസുദ്യോഗസ്ഥരെയും തിരിച്ചയച്ചു. സന്നിധാനത്തേയ്ക്ക് ഡ്യൂട്ടിയുടെ ഭാഗമായി പോകുന്ന വനിതാ ഉദ്യോഗസ്ഥരുടെ പ്രായം ചോദിച്ച്, സമരക്കാരുടെ അനുമതിയോടെ മാത്രമാണ് അവരെ മുകളിലേയ്ക്ക് കടത്തിവിടുന്നത്. പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്.
നേരത്തേ യോഗത്തിൽ പങ്കെടുക്കാൻ രണ്ട് വനിതാ ഉദ്യോഗസ്ഥർ പോയിരുന്നു. അപ്പോഴും അവരുടെ പ്രായം സംബന്ധിച്ച് തർക്കവുമായി രാഹുൽ ഈശ്വറിന്‍റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തി. ഇതോടെ ഗാർഡ് റൂമിൽ അമ്പത് വയസ്സിന് മുകളിലുള്ളവരാണെന്ന് എഴുതി നൽകിയപ്പോഴാണ് രണ്ട് പേരെയും പ്രതിഷേധക്കാർ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിച്ചത്. ഒരു വിധേനയും സ്ത്രീകളെ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. നാമജപവും ശരണംവിളികളുമായി ഗാർഡ് റൂമിന് മുന്നിൽ കുത്തിയിരിക്കുകയാണിപ്പോൾ സമരക്കാർ.