കച്ചവടക്കാരിയെ ആക്രമിച്ചു, ചോദിക്കാനെത്തിയ പൊലീസുകാരികളെ കടിച്ചു; യുവതി റിമാൻഡിൽ
വർക്കലയിൽ പട്ടാപ്പകൽ യുവതിയുടെയും ഭർത്താവിന്റെയും അക്രമം. കച്ചവടക്കാരിയെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ വനിതാ പൊലീസുകാരികളെ യുവതി കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചാത്തന്നൂർ കോതേരിമുക്ക് രോഹിണി നിവാസിൽ രോഹിണി എന്ന് വിളിക്കുന്ന നാസിയ(28)യെ പൊലീസ് പിടികൂടി.വർക്കല സ്റ്റേഷനിലെ വനിതാ പൊലീസുകാരായ ഉഷ, അനുപമ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ശനിയാഴ്ച രാവിലെ പത്തുമണിയോടെ ശിവഗിരി ആൽത്തറമൂട്ടിലായിരുന്നു സംഭവം. ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന നബീസയുടെ കടയിലെത്തിയ നാസിയയും ഭർത്താവും ആഹാരസാധനങ്ങളെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു. തുടർന്ന് കടയിൽനിന്നു നാസിയ സാധനങ്ങൾ വലിച്ചു പുറത്തേക്കെറിഞ്ഞു. സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോഡ്രൈവർമാരും ഇവരെ തടയാൻ ശ്രമിച്ചു. സ്കൂട്ടറിൽ കൊണ്ടുവന്ന പട്ടിയുമായി എതിർക്കാനെത്തിയവരെ ഇവര്‍ നേരിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനിതാ പൊലീസുകാരെയും ഇവർ അസഭ്യവർഷവുമായി നേരിട്ടു. ഇതോടെ നാട്ടുകാർ രോഷാകുലരായി. നാട്ടുകാരുടെ സഹായത്തോടെ നാസിയയെ വനിതാ പൊലീസുകാർ ജീപ്പിൽ കയറ്റി. ജീപ്പിനുള്ളിൽവച്ചാണ് വനിതാ പൊലീസുകാരുടെ കൈകളിൽ കടിച്ചത്. ജീപ്പിന്റെ വാതിൽ ചവിട്ടിത്തുറക്കാനും ശ്രമിച്ചു. തുടർന്ന് പൊലീസ് ഏറെ പണിപ്പെട്ട് ഇവരെ സ്റ്റേഷനിലെത്തിച്ചു. വനിതാ പൊലീസുകാരെ ആക്രമിച്ചതിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ നാസിയയെ റിമാൻഡ് ചെയ്തു.