ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് വെള്ളാപ്പള്ളി

ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ ശക്തമായി പിന്തുണച്ചും പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഹിന്ദുത്വ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ചും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ വിധി അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.  എസ്എന്‍ഡിപി സമരത്തിനില്ല. ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്ന് പറഞ്ഞ അദ്ദേഹം നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്നും പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് നിലപാടും നിലവാരവുമില്ല. അദ്ദേഹം ഒരു നിലപാടിലും ഉറച്ചുനില്‍ക്കുന്നില്ല. ആദ്ധ്യാത്മിക ഭൗതിക വാദം നടത്തേണ്ട സ്ഥലമല്ല ക്ഷേത്രമെന്ന് പറയുന്നു. റിവ്യൂ ഹര്‍ജി കൊടുക്കണമെന്നും കൊടുക്കേണ്ട എന്നും പറയുന്നു. തന്റെ കുടുംബത്തില്‍ നിന്നും ആരും പോകില്ലെന്ന് പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ എല്ലാം പ്രക്ഷോഭക്കാര്‍ക്ക് എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണം. ആ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല എന്ന് തെളിയിച്ചുകഴിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന്റെ നിരപരാധിത്വം വളരെ വ്യക്തമാണ്. കഴിഞ്ഞ ദിവസം പിണറായി കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. തന്ത്രി കുടുംബം മാത്രമല്ല കേരളത്തിലെ ഹിന്ദു പ്രമുഖര്‍. മറ്റ് വിഭാഗങ്ങളെയും ചര്‍ച്ചകള്‍ക്ക് വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളുടെ യോഗം വിളിക്കുമെന്നും വിഷയത്തില്‍ എസ്എന്‍ഡിപി സമരത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

error: Content is protected !!